
ഗാസയിലെ തെക്കൻ പ്രദേശങ്ങളിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ മാത്രം 48 പേർ മരിച്ചതായി റിപ്പോർട്ട്. പ്രദേശങ്ങളിൽ പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. പലസ്തീൻ ആരോഗ്യവകുപ്പാണ് മരിച്ചവരുടെ കണക്കുകൾ പുറത്തുവിട്ടത്. ഐക്യ രാഷ്ട്ര സഭയുടെ ഇടപെടലിലൂടെയാണ് പ്രദേശത്ത് പോളിയോ വാക്സിൻ നൽകുവാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വാക്സിൻ ക്യാമ്പയിൻ ഞായറാഴ്ച ആരംഭിക്കും.
പ്രദേശത്തെ ഏകദേശം 640,000 കുട്ടികൾക്ക് പോളിയോ വാക്‌സിൻ നൽകാനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ഇസ്രയേൽ - ഹമാസ് ആക്രമണം തുടർച്ചയായി നടക്കുന്ന മേഖലകളിൽ പേരാട്ടത്തിനിടെ ലഭിക്കുന്ന ഇടവേളകളെ ആശ്രയിക്കുവാനാണ് യുഎൻ നീക്കം. ഗാസയിൽ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകുന്നതിൻ്റെ ഭാഗമായി ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. സെൻട്രൽ ഗാസയിലും തെക്കൻ ഗാസയിലും മൂന്ന് ദിവസം വീതമാണ് പോളിയോ നൽകുന്നതിന്റെ ഭാഗമായി വെടിനിർത്തൽ പ്രഖ്യാപിച്ചത്.
വാക്‌സിനേഷൻ ടീമുകളെ കഴിയുന്നത്ര മേഖലകളിൽ എത്തിക്കാനാണ് പരിശ്രമിക്കുന്നത്. എന്നാൽ പൂർണമായ വെടിനിർത്തൽ സാധ്യമായാൽ മാത്രമേ കുട്ടികളെ സുരക്ഷിതരായി എത്തിക്കാൻ കഴിയൂ എന്ന് ആരോഗ്യ ഉപമന്ത്രി യൂസഫ് അബു അൽ-റീഷ് പറഞ്ഞു.ഗാസയിലെ 90% കുട്ടികൾക്കും രണ്ടുതവണ വാക്സിനേഷൻ നൽകണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
കഴിഞ്ഞ ദിവസം ഗാസയിൽ പത്ത് മാസം പ്രായമായ കുഞ്ഞിന് ടൈപ്പ് 2 പോളിയോ രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. 25 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഗാസയിൽ പോളിയോ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുന്നത്. ഇസ്രയേലി സൈന്യത്തിൻ്റെ കൂടി സഹകരണത്തോടെയാകും വാക്സിനേഷൻ ക്യാമ്പയിൻ നടക്കുക എന്നാണ് പുറത്തുവരുന്ന വിവരം.