

ബിഹാറിൽ കഴിഞ്ഞ 9 ദിവസത്തിനുള്ളിൽ 5 പാലങ്ങൾ തകർന്നു വീണു. പാലങ്ങൾ തകരുന്നത് പതിവായതോടെ, സർക്കാരിനെതിരെ പരിഹാസവുമായി ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ഡബിൾ എഞ്ചിൻ ഭരണത്തിൽ പാലങ്ങൾ തകർന്നുവീഴുകയാണെന്നും പ്രതിപക്ഷം ഉടന്‍ രാജിവെക്കണമെന്നും തേജസ്വി യാദവ് പരിഹസിച്ചു.
'ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഭരണമുള്ള നാട്ടിൽ 9 ദിവസത്തിനുള്ളിൽ വെറും 5 പാലങ്ങൾ മാത്രമാണ് തകർന്നിട്ടുള്ളത്. ഡബിൾ എഞ്ചിൻ ഭരണത്തിനും അതിന് നേതൃത്വം നൽകുന്ന നരേന്ദ്രമോദിയ്ക്കും നിതീഷ് കുമാറിനും ആശംസകൾ. സ്വയം പ്രഖ്യാപിത ആദർശവാദികൾ ജനത്തിന്റെ ആയിരക്കണക്കിന് കോടി രൂപ തുലച്ചു കളയുകയാണ്'. സർക്കാർ ഫണ്ട് മുടിപ്പിക്കുന്ന അഴിമതി നിറഞ്ഞ നിർമാണങ്ങളാണ് നടക്കുന്നതെന്നും, ഈ സാഹചര്യത്തിൽ പ്രതിപക്ഷം രാജിവെക്കണമെന്നും പരിഹാസരൂപേണ തേജസ്വി യാദവ് എക്സിൽ വിമർശിച്ചു.
കഴിഞ്ഞ 9 ദിവസത്തിനുള്ളിൽ അഞ്ച് പാലങ്ങളാണ് ബിഹാറിൽ തകർന്നു വീണത്. അരാരിയ ജില്ലയിലെ സിക്തിയിൽ വലിയ പാലത്തിൻറെ ഒരു ഭാഗം മുഴുവൻ കഴിഞ്ഞ ദിവസം തകർന്നു വീണു. പുതിയതായി പണി കഴിപ്പിച്ച പാലമാണിത്. സിവാൻ ജില്ലയിലെ പഴയ പാലവും മോത്തിഹാരി ഗൊരശാൻ ബ്ലോക്കിലെ മറ്റൊരു പാലവും കഴിഞ്ഞ ദിവസങ്ങളിൽ തകർന്നു വീണിരുന്നു. കിഴക്കൻ ചംപാരൻ മേഖലയിൽ പണി പൂർത്തിയാകാറായ പാലവും തകർന്നു. മധുബനി ജില്ലയിലെ ബേജയിലാണ് ഏറ്റവും പുതിയ സംഭവം. ഇന്നലെയാണ് നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഇവിടെ, ഭൂതാഹി നദിയിലെ പാലം തകർന്നത്. രണ്ട് വർഷം മുൻപ് 3 കോടി ചെലവിട്ട് പണിത പാലമാണ് നടുഭാഗം രണ്ടായി പിളർന്നത്.