പാകിസ്ഥാനിൽ ജുമാ നിസ്കാരത്തിനിടെ പള്ളിയിൽ ബോംബ് സ്ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു

ഖൈബർ പഷ്‌തൂണ്‍ഖ്വ പ്രവിശ്യയിലെ അക്കോറ ഖട്ടക്കിൽ, പ്രാർഥനക്കിടെയാണ് സ്ഫോടനമുണ്ടായത്
പാകിസ്ഥാനിൽ ജുമാ നിസ്കാരത്തിനിടെ പള്ളിയിൽ ബോംബ് സ്ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു
Published on

പാകിസ്ഥാനിൽ ജുമാ നിസ്കാരത്തിനിടെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 20ൽ അധികം പേർക്ക് പരിക്കേറ്റു. ഖൈബർ പഷ്‌തൂണ്‍ഖ്വ പ്രവിശ്യയിലെ അക്കോറ ഖട്ടക്കിൽ, വെള്ളിയാഴ്ച പ്രാർഥനക്കിടെയാണ് സ്ഫോടനമുണ്ടായത്. ചാവേർ ആക്രമണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

റമദാൻ മാസം ആരംഭിക്കാനിരിക്കെയാണ് ഇത്തരത്തിലൊരു ആക്രമണമുണ്ടാകുന്നത്. ഇതുവരെയും സ്ഫോടത്തിന് ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും മുന്നോട്ട് വന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ ഇതൊരു ചാവേർ സ്ഫോടനമാണെന്നാണ് സൂചനയെന്ന് ഖൈബർ പഖ്തൂൺഖ്വ പൊലീസ്  ജനറൽ ഇൻസ്പെക്ടർ സുൾഫിക്കർ ഹമീദ് അറിയിച്ചു. മൗലാന ഹമീദുൽ ഹഖ് ഹഖാനിയായിരുന്നു ലക്ഷ്യമെന്നും സൂചനയുണ്ട്.

ജംഇയ്യത്തുൽ ഉലമാ-ഇ-ഇസ്‌ലാമിൻ്റെ തലവനായ മൗലാന ഹമീദുൽ ഹഖ് ഹഖാനിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇസ്ലാമിക പുരോഹിതനും രാഷ്ട്രീയ പ്രവർത്തകനുമാണ് ഹഖാനി. 2018ൽ വീട്ടിൽ കത്തി ആക്രമണത്തിൽ കൊല്ലപ്പെട്ട മൗലാന സമിയുൾ ഹഖിൻ്റെ മകനാണ് ഹഖ്. താലിബാൻ്റെ പിതാവെന്നാണ് അയാൾ അറിയപ്പെട്ടിരുന്നത്. സമാധാനപരമായി തുടരാൻ ഹക്കിൻ്റെ കുടുംബം അനുയായികളോട് അഭ്യർഥിച്ചു. ഹഖ് ഗുരുതരാവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരവധി അഫ്ഗാൻ താലിബാൻ അംഗങ്ങൾ പഠിച്ച ജാമിയ ഹഖാനിയ സെമിനാരിയുടെ ചുമതലയും ഹഖിനാണ്.

ആക്രമണം നടക്കുന്ന സമയത്ത് നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ പള്ളിയിലും ഹഖിൻ്റെ സെമിനാരിയിലും സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു എന്നും ഇൻസ്പെക്ടർ സുൾഫിക്കർ ഹമീദ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com