
താമരശേരിയിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയ സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. താമരശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിലെ വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ എം. ജെ. ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ ഷഹബാസിന് ഗുരുതര പരിക്കേറ്റു. ചുങ്കം പാലോറക്കുന്ന് സ്വദേശിയാണ് മുഹമ്മദ് ഷഹബാസ്. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദനമേറ്റ ഷഹബാസിൻ്റെ നില ഗുരുതരമായി തുടരുന്നു. ഷഹബാസ് ട്യൂഷൻ സെൻ്ററിലെ വിദ്യാർഥിയല്ല. സുഹൃത്തുക്കളാണ് ഷഹബാസിനെ കൂട്ടിക്കൊണ്ടുപോയത്. ഷഹബാസിനെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരിന്നു എന്ന് ആംബുലൻസ് ഡ്രൈവർ മുഹമ്മദ് സാലിഹ് പറഞ്ഞു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികൾ തമ്മിലുണ്ടായ സംഘർഷം ആണ്, എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത ഇല്ലെന്നും സാലിഹ് കൂട്ടിച്ചേർത്തു.
രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് ട്യൂഷൻ സെൻ്റർ പ്രിൻസിപ്പൽ അരുൺ പ്രതികരിച്ചു. സംഘർഷം നടന്ന ദിവസം ട്യൂഷൻ സെൻ്റർ അവധിയായിരുന്നുവെന്നും സംഘർഷ വിവരം അറിയിക്കുന്നത് നാട്ടുകാരാണെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.