വാക്‌സിനെടുത്തിട്ടും പേവിഷബാധ; മലപ്പുറത്തെ 5 വയസുകാരിക്ക് ദാരുണാന്ത്യം

പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും കുട്ടിക്ക് പേവിഷബാധയേൽക്കുകയായിരുന്നു
വാക്‌സിനെടുത്തിട്ടും പേവിഷബാധ; മലപ്പുറത്തെ 5 വയസുകാരിക്ക് ദാരുണാന്ത്യം
Published on

മലപ്പുറം പെരുവള്ളൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് ദാരുണാന്ത്യം. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സല്‍മാന്‍ ഫാരിസിൻ്റെ മകള്‍ സനാ ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം കൊണ്ടോട്ടി പെരുവള്ളൂർ ചാത്രതൊടി ജുമാ മസ്ജിദിൽ കബറടക്കി. 

പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും കുട്ടിക്ക് പേവിഷബാധയേൽക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില ഇന്നലെ മുതൽ വഷളായിരുന്നു. മാര്‍ച്ച് 29നാണ് അഞ്ചര വയസുകാരി അടക്കം 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. വൈകിട്ട് നാലുമണിയോടെ കുട്ടി വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ തലയ്ക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്.

അന്ന് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ആദ്യ പ്രതിരോധ വാക്‌സിനെടുത്തു. വീട്ടിലെത്തിയതിന് പിന്നാലെ മുറിവുകള്‍ പെട്ടെന്ന് ഭേദമായിരുന്നു. പിന്നീട് പനി തുടങ്ങുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ഫാരിസ് പ്രതികരിച്ചു. മൂന്ന് ഡോസ് ഐഡിആര്‍വി വാക്‌സിന്‍ കുട്ടിക്ക് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിച്ചതിന് പിന്നാലെ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. കൂടാതെ പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും എന്തുകൊണ്ട് പേ വിഷബാധ വന്നു എന്നതില്‍ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. 



Related Stories

No stories found.
News Malayalam 24x7
newsmalayalam.com