
ദ്വീപ് രാഷ്ട്രത്തിൻ്റെ സമുദ്രാതിർത്തി ലംഘിച്ചതിന് അറസ്റ്റ് ചെയ്ത 50 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചതായി ഇന്ത്യൻ മിഷൻ അറിയിച്ചു. മയിലാടുതുറൈ, പുതുക്കോട്ട, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്നുള്ള 50 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്ക ഇന്ന് വിട്ടയച്ചത്.
മോചിതരായ മുഴുവൻ മത്സ്യത്തൊഴിലാളികളെയും ഈ ആഴ്ച അവസാനം ശ്രീലങ്കയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചയക്കുമെന്നും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ എക്‌സിൽ പോസ്റ്റ് ചെയ്തു. ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതൽ ദൃഢമാക്കുന്നത്തിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൊളംബോ സന്ദർശിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളുടെ മോചനം സാധ്യമായത്.
ALSO READ: മഞ്ഞുരുകലിന്‍റെ സൂചനയോ? ; വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പാകിസ്ഥാനിലേക്ക്
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ഒരു പ്രധാന തർക്കവിഷയമാണ്. പാക് കടലിടുക്കിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ലങ്കൻ നേവി ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും, ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ചുവെന്ന് ആരോപിച്ച് ബോട്ടുകൾ പിടിച്ചെടുക്കുകായും ചെയ്യാറുണ്ട്.
തമിഴ്‌നാടിനെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്ന ഇടുങ്ങിയ ജലരേഖയായ പാക് കടലിടുക്ക് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ സമ്പന്നമായ മത്സ്യബന്ധന കേന്ദ്രമാണ്. കഴിഞ്ഞ മാസം ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. ഓഗസ്റ്റിൽ 30 മത്സ്യത്തൊഴിലാളികളെയും ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.