
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയായിരുന്ന അഞ്ച് വർഷത്തിനിടെ 500 സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. ഈ അഞ്ച് വർഷവും വനിതകളെ സംരക്ഷിക്കാൻ രാഹുൽ ഗാന്ധി എന്ത് ചെയ്തെന്നും ബി.ജെ.പി വക്താവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
200 കോടിയോളം രൂപ ആസ്തിയുള്ള പ്രിയങ്ക ഗാന്ധി, വയനാട് ദുരന്ത ബാധിതർക്ക് ഒന്നും നൽകിയിട്ടില്ലെന്നും ഭണ്ഡാരി കൂട്ടിച്ചേർത്തു. പ്രദീപ് ഭണ്ഡാരി ഒരു ഇന്ത്യൻ പത്രപ്രവർത്തകനും രാഷ്ട്രീയക്കാരനും വാർത്താ അവതാരകനുമാണ്. കൂടാതെ തെരഞ്ഞടുപ്പിനെയും വോട്ടിങ്ങിനെയും കുറിച്ച് പഠനം നടത്തുന്ന സെഫോളജിസ്റ്റും കൂടിയാണ്. ഇപ്പോൾ ബിജെപിയുടെ ദേശീയ വക്താവായാണ് പ്രവർത്തിക്കുന്നത്.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‌പുത്തിൻ്റെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടിങ്ങിലൂടെ 2020ൽ അദ്ദേഹം ദേശീയ ശ്രദ്ധ നേടിയിരുന്നു. ഐടിവി നെറ്റ്‌വർക്കിൻ്റെ ഇന്ത്യ ന്യൂസ് ചാനലിൻ്റെ ന്യൂസ് ഡയറക്ടറായിരുന്നു അദ്ദേഹം. നേരത്തെ റിപ്പബ്ലിക് ഭാരത് ടിവിയുടെ കൺസൾട്ടിങ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമായ ജാൻ കി ബാത്തിൻ്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമാണ് അദ്ദേഹം. 2024 മാർച്ച് 10ന് ഭണ്ഡാരി സീ ന്യൂസിൻ്റെ കൺസൾട്ടിംഗ് എഡിറ്ററായി ചുമതലയേറ്റു.