54-ാം ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന്; പ്രതീക്ഷിക്കുന്നത് നികുതിയിളവടക്കം സുപ്രധാന തീരുമാനങ്ങള്‍

സർവീസ് മേഖലയിലെ നികുതി വെട്ടിച്ചുരുക്കണമെന്ന ആവശ്യവും ശക്തമാണ്
54-ാം  ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന്; പ്രതീക്ഷിക്കുന്നത് നികുതിയിളവടക്കം സുപ്രധാന തീരുമാനങ്ങള്‍
Published on

54-ാം ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ചേരും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ലൈഫ്‌, ആരോഗ്യ ഇൻഷുറൻസ്‌ പോളിസികളുടെ നികുതി നിരക്ക്‌ കുറയ്ക്കുന്നത് അടക്കമുള്ള സുപ്രധാന തീരുമാനങ്ങൾ യോഗത്തിലുണ്ടായേക്കും. പ്രീമിയത്തിന്മേലുള്ള ജിഎസ്‍ടി പൂർണമായും ഒഴിവാക്കുകയോ, നിലവിലെ 18 ശതമാനം നികുതി 5 ആയി കുറയ്ക്കുകയോ ചെയ്തേക്കുമെന്നാണ് സൂചന.

സർവീസ് മേഖലയിലെ നികുതി വെട്ടിച്ചുരുക്കണമെന്ന ആവശ്യവും ശക്തമാണ്. നിശ്ചിതകാല ലൈഫ്‌ ഇൻഷുറൻസ്‌ പോളിസികളെ ജിഎസ്‌ടിയിൽ നിന്ന്‌ ഒഴിവാക്കുന്ന കാര്യവും മെഡിക്ലെയിം പോളിസി നികുതി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ചുരുക്കുന്നതും കൗണ്‍സില്‍ പരിഗണിച്ചേക്കും. ഇത്തരത്തിലൊരു തീരുമാനമെടുത്താല്‍ 1,750 കോടി രൂപയുടെ വരുമാനനഷ്ടമാണ് സർക്കാർ കണക്കാക്കുന്നത്.  കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന്‌ അഞ്ച്‌ ശതമാനമാക്കുന്നതും യോഗം ചർച്ച ചെയ്യും. റിയൽ എസ്റ്റേറ്റ്‌ , ലോഹവ്യവസായം എന്നിവയെ സംബന്ധിക്കുന്ന തീരുമാനങ്ങളുമുണ്ടായേക്കും.


ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയത്തിൻമേൽ 3 വർഷത്തിനിടയ്ക്ക് ജിഎസ്ടി ആയി സർക്കാരുകൾ ഈടാക്കിയത് 21,255 കോടി രൂപയാണ്. ഇളവോ ഒഴിവാക്കലോ നടന്നാല്‍ ടേം ഇന്‍ഷുറന്‍സ് കൂടുതൽ ജനങ്ങളിലെത്തിക്കാനാകുമെന്നാണ് വിലയിരുത്തൽ. മെഡിക്ലെയിം പോളിസി നികുതി ഒഴിവാക്കിയാൽ 3,500 കോടി രൂപയുടെ നേട്ടം ഇടപാടുകാർക്ക് ഉണ്ടാകും. അഞ്ച്‌ ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന പോളിസികളെയും മുതിർന്ന പൗരന്മാരുടെ പോളിസികളെയും ജിഎസ്‌ടിയിൽനിന്ന്‌ ഒഴിവാക്കിയാൽ 2,100 കോടി രൂപയാണ് സർക്കാരിന് വരുമാന നഷ്ടം. മുതിർന്ന പൗരന്മാർക്ക്‌ മാത്രം ഇളവ്‌ നൽകിയാൽ 650 കോടി രൂപയുടെ വരുമാനക്കുറവുണ്ടാകും.

ജിഎസ്‍ടി ഭാരം കുറയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും നിർമല സീതാരാമന് കത്തയച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്കകൾ സംസ്ഥാനങ്ങൾ ഉയർത്തുന്നതിനാൽ സംസ്ഥാന നികുതിവിഹിതം ലഭിക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com