
ടി20 ലോക ക്രിക്കറ്റിലെ ഗ്യാങ്സ്റ്ററായ റാഷിദ് ഖാൻ മറക്കാൻ കൊതിക്കുന്നൊരു ദിവസമാണ് കടന്നുപോയത്. ടി20 ക്രിക്കറ്റിൽ ഏറ്റവും പ്രഹരശേഷിയുള്ള സ്പിൻ ബൗളറെന്ന ഹുങ്കോടെ 'ദി ഹണ്ട്രഡ്' ലീഗിനെത്തിയ റാഷിദിനെ കരിയറിലെ ഏറ്റവും മോശം ദിനം സമ്മാനിച്ചിരിക്കുകയാണ് മുൻ വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് വീരനായ കീറൺ പൊള്ളാർഡ്.
പൊള്ളാർഡിൻ്റെ വിസ്ഫോടനാത്മക ബാറ്റിംഗ് കരുത്തിൽ, ട്രെൻ്റ് റോക്കറ്റിനെതിരായ ആവേശപ്പോരാട്ടം രണ്ട് വിക്കറ്റിനാണ് സതേൺ ബ്രേവ് ജയിച്ചുകയറിയത്. 100 പന്തിൽ ട്രെൻ്റ് റോക്കറ്റ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെയാണ് പൊള്ളാർഡും സംഘവും മറികടന്നത്.
ശനിയാഴ്ച സതാംപ്ടണിലെ റോസ് ബൗളിലാണ് നാടകീയമായ ക്ലൈമാക്സ് ട്വിസ്റ്റുകൾ അരങ്ങേറിയത്. മികച്ച രീതിയിലാണ് റാഷിദ് ഖാൻ എറിഞ്ഞു തുടങ്ങിയത്. പൊള്ളാർഡ് ക്രീസിലെത്തുമ്പോൾ 76 പന്തിൽ നിന്ന് 78/6 എന്ന നിലയിലായിരുന്നു സതേൺ ബ്രേവ്. ആദ്യത്തെ 15 പന്തുകളിൽ നിന്ന് 10 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റുമായി ഫോമിൽ നിന്ന റാഷിദ് ഖാനെ തൊട്ടടുത്ത അഞ്ച് പന്തുകളും സിക്സർ പറത്തിയാണ് പൊള്ളാർഡ് ഞെട്ടിച്ചത്.
പൊള്ളാർഡിൻ്റെ വെടിക്കെട്ടിന് മുമ്പ് 20 പന്തിൽ നിന്ന് 49 റൺസ് വേണ്ടിയിരുന്ന സതേൺ ബ്രേവിന്, പിന്നീടുള്ള 15 പന്തുകളിൽ നിന്ന് ജയിക്കാൻ 19 റൺസ് മാത്രം മതിയായിരുന്നു. ആദ്യത്തെ 14 പന്തുകളിൽ നിന്ന് ആറ് റൺസ് മാത്രമായിരുന്നു കരീബിയൻ ഇതിഹാസത്തിന് നേടാനായത്. എന്നാൽ റാഷിദ് ഖാൻ്റെ ഓവറിൽ താരം മുൻ മുംബൈ ഇന്ത്യൻസ് ഫിനിഷർ തൻ്റെ വിശ്വരൂപം തന്നെ പുറത്തെടുക്കുകയായിരുന്നു. വീഡിയോ കാണാം...