കോഴിക്കോട് കൊമ്മേരിയില്‍ വീണ്ടും മഞ്ഞപ്പിത്തം; ആറ് പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആയി
കോഴിക്കോട് കൊമ്മേരിയില്‍ വീണ്ടും മഞ്ഞപ്പിത്തം; ആറ് പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു
Published on
Updated on

കോഴിക്കോട് കൊമ്മേരിയിൽ ആറുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന മെഡിക്കൽ ക്യാമ്പിലാണ് കൂടുതൽ പേർക്ക് മഞ്ഞപ്പിത്തം സ്വീകരിച്ചത്.  നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആയി. ഇന്നലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 

കൊമ്മേരിയിലെ പൊതുകിണറിലെ വെള്ളത്തിൽ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന പ്രാദേശിക കുടിവെളള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. ജല സ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നല്‍കിയിട്ടും ഇതില്‍ വീഴ്ച വരുത്തിയെന്ന ആരോപണവും കോര്‍പ്പറേഷൻ ഉയർത്തുന്നുണ്ട്. വിഷയത്തിൽ ജനകീയ സമിതിയെ പഴിചാരുകയാണ് കോര്‍പറേഷന്‍.

പ്രദേശത്തെ 4 കിണറുകളില്‍ നിന്നുളള വെള്ളം ടാങ്കിലേക്ക് എത്തിച്ച് 265 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുളള പദ്ധതിയുടെ നടത്തിപ്പ് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള ജനകീയ സമിതിക്കായിരുന്നു. പദ്ധതിയുടെ ഭാഗമായ രണ്ടു കിണറുകളും ടാങ്കും വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. ഈ സാഹചര്യത്തിലാണ് നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള കോര്‍പ്പറേഷന്‍റെ വിമർശനം. രോഗവ്യാപനം തടയാനായി പ്രദേശത്ത് കോർപ്പറേഷന്‍റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്.

News Malayalam 24x7
newsmalayalam.com