തമിഴ്നാട് വിരുദനഗറിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം: ആറ് മരണം, രണ്ടുപേർക്ക് ഗുരുതര പരുക്ക്

പടക്കനിർമാണത്തിനായുള്ള രാസവസ്തുക്കൾ സംയോജിപ്പിക്കുന്നതിനിടെയായിരിക്കാം സ്ഫോടനമുണ്ടായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം
തമിഴ്നാട് വിരുദനഗറിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം: ആറ് മരണം, രണ്ടുപേർക്ക് ഗുരുതര പരുക്ക്
Published on


തമിഴ്നാട് പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. വിരുദനഗറിലെ ബൊമ്മിയാപുരത്തുള്ള പടക്കനിർമാണശാലയിലാണ് ശനിയാഴ്ച രാവിലെ അപകടമുണ്ടായത്. സ്ഫോടനത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കയും പടക്കനിർമാണ ശാല പൂർണമായും തകരുകയും ചെയ്തു. 

പടക്കനിർമാണത്തിനായുള്ള രാസവസ്തുക്കൾ സംയോജിപ്പിക്കുന്നതിനിടെയായിരിക്കാം സ്ഫോടനമുണ്ടായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ പടക്കനിർമാണ ശാലയിലെ നാല് മുറികൾ പൂർണമായും തകർന്നു. സംഭവം നടന്നയുടൻ പൊലീസ്, ഫയർഫോഴ്സ് എന്നിവരെത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സ്ഫോടനത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നത് അന്വേഷിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.

പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചതായി വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. അപകടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു. അടുത്തിടെ വിരുദുനഗർ സന്ദർശിച്ച സ്റ്റാലിൻ, ഇത്തരം അപകടങ്ങൾ തടയാൻ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ പടക്ക ഫാക്ടറി ഉടമകളോട് അഭ്യർഥിച്ചിരുന്നു.


സംസ്ഥാനത്തെ പടക്ക നിർമാണശാലകളിൽ ഭൂരിഭാഗവും വിരുദനഗർ ജില്ലയിലാണ്. വിരുദുനഗറിലെ 1,150 ഫാക്ടറികളിലായി ഏകദേശം നാല് ലക്ഷത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ പടക്ക ഉൽപ്പാദനത്തിൻ്റെ 70 ശതമാനവും ശിവകാശിയിലാണ്.

വെള്ളിയാഴ്ച പുലർച്ചെ അവിനാശി റോഡ് മേൽപ്പാലത്തിൽ എൽപിജി ഗ്യാസ് ടാങ്കർ മറിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് വിദുരനഗറിലെ സ്ഫോടനം. ടാങ്കർ മറിഞ്ഞത് ചെറിയ വാതക ചോർച്ചയ്ക്ക് കാരണമായിരുന്നു. കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. വാഹനം തിരിക്കുമ്പോൾ, ടാങ്കർ ട്രക്കിൽ നിന്ന് വേർപെട്ട് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് നഗരത്തിൻ്റെ മധ്യഭാഗത്ത് ഗതാഗതം താത്കാലികമായി നിലച്ചെങ്കിലും, ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് ടാങ്കർ മറിഞ്ഞതിൻ്റെ 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്‌കൂളുകൾ അടച്ചിടാൻ കോയമ്പത്തൂർ കളക്ടർ ഉത്തരവിട്ടു.

തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ സ്ഫോടനങ്ങൾ സ്ഥിരക്കാഴ്ചയാവുകയാണ്. കഴിഞ്ഞ വർഷം തിരുപ്പൂരിൽ നടന്ന സ്ഫോടനത്തിൽ ഒമ്പത് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമാനരീതിയിൽ സേലത്തും ഒരാൾ മരിച്ചിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com