
ജപ്പാനിലെ ക്യൂഷു മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെൻ്റർ അറിയിച്ചു. ഏകദേശം 37 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനമുണ്ടായതെന്ന് ഇഎംഎസ്‌സി അറിയിച്ചു. പ്രദേശത്ത് രണ്ട് ചെറിയ സുനാമികൾ ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രാദേശിക സമയം രാത്രി 9.15ഓടെയാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ട്. ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. മേഖലയിലെ രണ്ട് തുറമുഖങ്ങളിൽ 20 സെൻ്റീമീറ്ററോളം വരുന്ന രണ്ട് ചെറിയ സുനാമികൾ ഉണ്ടായതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഇതിനുപിന്നാലെ പ്രദേശത്ത് മൂന്നടി വരെ ഉയരത്തിൽ സുനാമിയുണ്ടായേക്കാമെന്ന മുന്നറിയിപ്പ് നൽകിയ ജപ്പാൻ കാലാവസ്ഥാ ഏജൻസി, തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.
ഭൂചലനത്തിൽ വീടുകൾക്കും റോഡുകൾക്കും നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സെൻഡായിലെയും ഇക്കാറ്റയിലെയും ആണവ നിലയങ്ങൾ സുരക്ഷിതമാണെന്ന് ഷിക്കോക്കു ഇലക്ട്രിക് പവർ അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 8ന് ജപ്പാന്റെ തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവിടങ്ങളിൽ അതിതീവ്ര ഭൂകമ്പമുണ്ടായിരുന്നു.