കൊല്ലത്ത് കാട്ടുപന്നിയിടിച്ച് എഴുപതുകാരന് ഗുരുതര പരിക്ക്; വലതുകാൽ മൂന്നായി ഒടിഞ്ഞു

നേരത്തെ കണ്ണൂർ പാനൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചിരുന്നു. പാനൂർ വള്ള്യായിലെ ശ്രീധരനാണ് മരിച്ചത്.
കൊല്ലത്ത് കാട്ടുപന്നിയിടിച്ച് എഴുപതുകാരന് ഗുരുതര പരിക്ക്; വലതുകാൽ മൂന്നായി ഒടിഞ്ഞു
Published on


കൊല്ലം ആനയടിയിൽ കാട്ടുപന്നിയിടിച്ച് എഴുപതുകാരന് ഗുരുതര പരിക്ക്. കൊല്ലം ആനയടി സുനിൽ ഭവനത്തിൽ ഡാനിയേലിനാണ് (70) കാലിന് ആണ് പരിക്കേറ്റത്. പശുവിന് തീറ്റയെടുക്കാൻ കൃഷിയിടത്തിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി കാട്ടുപന്നി ആക്രമിച്ചത്. വലതുകാൽ മൂന്നായി ഒടിഞ്ഞ ഡാനിയേൽ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.



നേരത്തെ കണ്ണൂർ പാനൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചിരുന്നു. പാനൂർ വള്ള്യായിലെ ശ്രീധരനാണ് മരിച്ചത്. കൃഷിയിടത്തിൽ വെച്ചായിരുന്നു കാട്ടുപന്നി ആക്രമിച്ചത്. ശ്രീധരനെ കൊലപ്പെടുത്തിയ കാട്ടുപന്നിയെ പ്രദേശവാസികൾ കൊന്നിട്ടുണ്ടെന്നാണ് വിവരം.



ഇന്ന് രാവിലെ 9 മണിയോടെയാണ് ശ്രീധരനെ കൃഷിയിടത്തിൽ വെച്ച് കാട്ടുപന്നി ആക്രമിക്കുന്നത്. മരച്ചീനി, വാഴ, പച്ചക്കറി തുടങ്ങിയവയായിരുന്നു പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിൽ ശ്രീധരൻ കൃഷി ചെയ്തിരുന്നത്. ഇതിന് നനയ്ക്കാനും മറ്റുമായി എത്തിയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമിച്ചത്. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോഴും ശ്രീധരനെ പന്നി ആക്രമിച്ചിരുന്നു.

ഉടൻ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. കാർഷിക വിളകൾ നശിപ്പിക്കുന്നതും രാത്രികാലങ്ങളിൽ പുറത്തിറങ്ങാനാകാത്തതും ജനജീവിതം ദുസ്സഹമാക്കുകയാണ്.

സമാനമായ മറ്റൊരു സംഭവത്തിൽ പാലക്കാട് ചിറ്റടിയിൽ കാട്ടുപന്നി ഇരുചക വാഹനത്തിൽ ഇടിച്ച് വിദ്യാർഥി പരിക്കേറ്റു. പ്ലസ് വൺ വിദ്യാർഥി ആൻ്റോ സിബിക്കാണ് പരിക്കേറ്റത്. പള്ളിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം. മുഖത്തിന് പരിക്കേറ്റ ആൻ്റോ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പന്നിയും അഞ്ച് കുഞ്ഞുങ്ങളുമാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com