പാകിസ്ഥാനിലെ ഭീകരാക്രമണം: മരണസംഖ്യ 73 ആയി

ബലൂചിസ്ഥാൻ പ്രവിശ്യയിലെ പൊലീസ് സ്റ്റേഷനുകളും റെയിൽവേ ലൈനുകളും ഹൈവേകളും കേന്ദ്രീകരിച്ചായിരുന്നു ഭീകരുടെ ആക്രമണം
പാകിസ്ഥാനിലെ ഭീകരാക്രമണം:  മരണസംഖ്യ 73 ആയി
Published on

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഭീകരാക്രമണത്തിൽ മരണസംഖ്യ 73 ആയി.  സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 21 ഓളം ഭീകരരെയും വധിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ പൊലീസ് സ്റ്റേഷനുകളും റെയിൽവേ ലൈനുകളും ഹൈവേകളും കേന്ദ്രീകരിച്ചായിരുന്നു ഭീകരുടെ ആക്രമണമുണ്ടായത്.


പ്രധാന ഹൈവേകളിൽ ബസുകളും ട്രക്കുകളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 38 സാധാരണക്കാരെയാണ് ഭീകരർ കൊലപ്പെടുത്തിയത്. അക്രമകാരികൾ യാത്രക്കാരിൽ പലരെയും വെടിവച്ചുകൊല്ലുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. മുസാഖൈൽ പ്രദേശത്തെ ഹൈവേയിൽ 35 ഓളം വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. പാകിസ്ഥാൻ്റെ കിഴക്കൻ പ്രവിശ്യയായ പഞ്ചാബിൽ നിന്നുള്ള തൊഴിലാളികളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.


ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റാ നഗരത്തെ പാകിസ്ഥാൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാലത്തിൽ ഒന്നിലധികം സ്ഫോടനങ്ങളും നടന്നതായി കണ്ടെത്തി. ഇറാനിലേക്കുള്ള റെയിൽപാതയും തീവ്രവാദികൾ ആക്രമിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാ സ്റ്റേഷനുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 21 ഭീകരരെ വധിച്ചു.

ആക്രമണങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും പാകിസ്ഥാനിൽ അരാജകത്വം സൃഷ്ടിക്കാൻ നടത്തിയതാണെന്നും ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ബലൂച് ലിബറേഷൻ ആർമി എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com