യെമനിലെ യുഎസ് വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി; തിരിച്ചടിക്കുമെന്ന് യെമന്‍

യെമനില്‍ യുഎസ് സൈന്യം നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
യെമനിലെ യുഎസ് വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി; തിരിച്ചടിക്കുമെന്ന് യെമന്‍
Published on


യെമനില്‍ ഹൂതി കേന്ദ്രങ്ങളിലെ യുഎഎസ് വ്യോമാക്രമണത്തില്‍ മരണ സംഖ്യ 74 ആയതായി ആരോഗ്യമന്ത്രാലയം. 171 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. യെമനിലെ റാസ് ഇസ ഇന്ധന പോര്‍ട്ടിന് നേരെയായിരുന്നു യുഎസ് ആക്രമണം. പോര്‍ട്ട് പൂര്‍ണമായും തകര്‍ന്നതായി യുഎസ് സൈന്യവും അറിയിച്ചിരുന്നു.

യെമനില്‍ യുഎസ് സൈന്യം നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഹൂതികള്‍ക്കുള്ള ധനരസഹായവും ഇന്ധന വിഭവങ്ങളുടെ ലഭ്യതയും വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

വിവിധ പ്രദേശങ്ങളില്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും റാസ് ഇസ ഇന്ധന പോര്‍ട്ടായിരുന്നു യുഎസ് പ്രധാനമായും ലക്ഷ്യം വെച്ചിരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്കടലിലെ ചരക്ക് നീക്കത്തിനെ തടസപ്പെടുത്തുന്ന ഹൂതികളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങിയത്.

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഹൂതികള്‍ക്കെതിരെ നടത്തിയ ഏറ്റവും വലിയ സൈനിക നടപടിയാണിത്. ഇതിനുമുന്നേ മാര്‍ച്ചിലായിരുന്നു യുഎസിന്റെ ആക്രമണം നടന്നത്. രണ്ട് ദിവസങ്ങളിലായി ഉണ്ടായ യുഎസ് ആക്രമണങ്ങളില്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതേസമയം ആക്രമണം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കുമെന്ന് യെമനും അറിയിച്ചിരുന്നു.


അതേസമയം യുഎസ് ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്നും മിസൈല്‍ പതിച്ചതായി ഇസ്രയേല്‍ അറിയിച്ചു. അതേസമയം മിസൈല്‍ ആക്രമണത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. യുഎസ് വ്യോമാക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് യെമന്‍ പറയുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com