
ഒഡീഷയിൽ ദുർമന്ത്രവാദത്തിനിരയായ പെൺകുട്ടിയുടെ തലയിൽ നിന്നും 77 സൂചികൾ പുറത്തെടുത്ത് ഡോക്ടർമാർ. ബുർളയിലെ വീർ സുരേന്ദ്ര സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ നടന്ന ശാസ്ത്രക്രിയയിലാണ് സൂചികൾ പുറത്തെടുത്തത്. ആദ്യ ശസ്ത്രക്രിയയിൽ 70 സൂചികളും, ശനിയാഴ്ച നടന്ന
തുടർ ശാസ്ത്രക്രിയയിൽ 7 എണ്ണവുമാണ് പുറത്തെടുത്തത്. സൂചികൾ അസ്ഥികൾക്ക് പരുക്കുണ്ടാക്കിയിട്ടില്ല. എന്നാൽ തലയിലെ മൃദുവായ ടിഷ്യുകളിൽ പരിക്കുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം യുവതി അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയ്ക്കുള്ള സാധ്യത കൂടുതൽ ആയതിനാൽ ഒരാഴ്ചയോളം ശസ്ത്രക്രിയാനന്തര പരിചരണത്തിൽ തുടരുമെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ബൊലാംഗീറിലെ ഇച്ച്‌ഗാവിലെ രേഷ്മ ബെഹ്‌റ എന്ന 19 കാരിയെ കടുത്ത തലവേദനയെ തുടർന്ന് ഭീമാ ഭോയ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നടത്തിയ സിടി സ്കാനിലാണ് തലയിൽ ഒന്നിലധികം സൂചികൾ കണ്ടെത്തിയത്. ആദ്യം എട്ട് സൂചികൾ നീക്കം ചെയ്തിരുന്നു. എന്നിട്ടും ആരോഗ്യനിലയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്നാണ് സുരേന്ദ്ര സായി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയത്.
നാല് വർഷം മുമ്പ് അമ്മയുടെ മരണത്തിന് ശേഷം പതിവായി രോഗബാധിതയായ രേഷ്മ 2021-ൽ ഒരു മന്ത്രവാദിയുടെ സഹായം തേടിയിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. അടിക്കടി തലവേദന ഉണ്ടായതിനെ തുടർന്നാണ് രേഷ്മയെ ആശുപത്രിയിലെത്തിച്ച് സിടി സ്കാനിനു വിധേയമാക്കുന്നത്.
തട്ടിപ്പ് നടത്തിയ മന്ത്രവാദിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കാന്തബഞ്ചി പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള സൂചി കുത്തലിന് കൂടുതൽ ആളുകൾ വിധേയരായയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.