
അസമിലെ പ്രളയത്തിൽ എട്ട് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 66 ആയി. മൂന്ന് കുട്ടികളടക്കം എട്ട് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. അതേസമയം സംസ്ഥാനത്തെ ചിലയിടങ്ങളിൽ വെള്ളക്കെട്ടിന് നേരിയ ശമനം ഉണ്ടെങ്കിലും 98 ഓളം ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തെ 630 ദുരിതാശ്വാസ ക്യാമ്പുകളിലായി 53,689 പേരാണ് കഴിയുന്നത്. കൂടാതെ 361 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്നുണ്ട്.
അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 30 ജില്ലകളിൽ നിന്നായി ഇത് വരെ 24.20 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. ഇതിൽ 28 ജില്ലകളിലെ 3,446 വില്ലേജുകളിലായി 68,432 ഹെക്ടർ കൃഷിയിടങ്ങൾ ആണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്. 15.63 ലക്ഷം വളർത്തുമൃഗങ്ങളെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചതായി സർക്കാർ വ്യക്തമാക്കുന്നു.
28 പ്രളയബാധിത ജില്ലകളിൽ, ധുബ്രി, മോറിഗാവ്, കച്ചാർ, ദരാംഗ്, ദിബ്രുഗഡ്, ബാർപേട്ട എന്നിവിടങ്ങളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. മുൻവർഷങ്ങളിലെ പോലെത്തന്നെ കാസിരംഗ നാഷണൽ പാർക്കും ടൈഗർ റിസർവും ഇത്തവണയും വെള്ളത്തിനടിയിലായി. ഇത്തവണ 11 മൃഗങ്ങൾ ആണ് വെള്ളപ്പൊക്കം മൂലം കാസിരംഗയിൽ മരിച്ചത്. അതേ സമയം സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചിട്ടുണ്ട്. ഒപ്പം ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനയുടെ നിരവധി ടീമുകളും സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി തുടരുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.