
ലബനനിലും ഗാസയിലും ഇസ്രയേൽ സ്ഫോടന പരമ്പര തുടരുകയാണ്. ഒറ്റ രാത്രികൊണ്ട് ബെയ്റൂട്ടിൽ നിന്ന് ആയിരക്കണക്കിനാളുകളാണ് പലായനം ചെയ്‌തത്. ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടിരുന്നു. ഇറാൻ ആക്രമിക്കാനുള്ള പദ്ധതി ടെലഗ്രാം വഴി പ്രചരിച്ചതിൽ അമേരിക്ക അന്വേഷണം തുടങ്ങി.
ലബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിൻ്റെ സാമ്പത്തിക സ്രോതസ്സുകളിൽ ആക്രമണത്തിന് തയാറെടുക്കുകയാണെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഇസ്രയേൽ ബെയ്റൂട്ടിൽ സ്ഫോടനം നടത്തിയത്. ഇതോടെ ആയിരക്കണക്കിന് ബെയ്‌റൂട്ട് നിവാസികള്‍ ഞായറാഴ്ച വൈകിട്ടോടെ പലായനം ചെയ്തു. സ്‌ഫോടനത്തിനു പിന്നാലേ ബെയ്‌റൂട്ടിൻ്റെ പ്രാന്ത്രപ്രദേശങ്ങളില്‍ വലിയ തീപിടിത്തവുമുണ്ടായി. പരിഭ്രാന്തരായ ജനക്കൂട്ടം തെുരുവുകളില്‍ ഒത്തുകൂടിയത് വലിയതോതില്‍ ഗതാഗതക്കുരുക്കും സൃഷ്ടിച്ചു.
ALSO READ: ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേൽ പദ്ധതി ചോർന്ന സംഭവം; അന്വേഷണം ആരംഭിച്ച് യുഎസ്
ഗാസയിലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. ബെയ്റ്റ് ലാഹിയ പട്ടണത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. നാൽപ്പതിലധികം പേർക്ക് പരുക്കേറ്റു. മൃതദേഹങ്ങളിൽ പലതും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണെ ന്നാണ് സൂചന.
ജബാലിയയിൽ അഭയാർഥി ക്യാമ്പുകൾ ഇസ്രയേൽ സൈന്യം റെയ്ഡ് ചെയ്യുകയും പുരുഷന്മാരെ ബന്ദികളാക്കുകയും ചെയ്തു. ഇറാനെതിരെ ഇസ്രയേലിൻ്റെ ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ രേഖകള്‍ ചോര്‍ന്നതിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് അമേരിക്ക. നാഷണൽ ജിയോ സ്‌പേഷ്യൽ-ഇൻ്റലിജൻസ് ഏജൻസി പെൻ്റഗണിന് കൈമാറിയ അതീവരഹസ്യസ്വഭാവമുള്ള രണ്ട് രേഖകളാണ് ചോർന്നതെന്നാണ് വിവരം.