
അഗ്നിവീര്‍ അജയ് കുമാറിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയിട്ടില്ല എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവനയെ തിരുത്തി ഇന്ത്യന്‍ ആര്‍മി. കഴിഞ്ഞ ദിവസമാണ് അഗ്നിവീർ അജയ് കുമാറിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകി എന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻ്റെ പാർലമെൻ്റിലെ അവകാശവാദം വ്യാജമാണെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി എക്സിൽ വീഡിയോ പങ്കുവെച്ചത്. എന്നാൽ, മണിക്കൂറുകൾക്കകം വിഷയം തള്ളി ഇന്ത്യൻ ആർമി രംഗത്തെത്തി. അജയ് കുമാറിന് 98.39 ലക്ഷം രൂപ നൽകിയെന്ന് ഇന്ത്യൻ ആർമി തന്നെ എക്സ് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.
രാജ്നാഥ് സിങ് പാർലമെൻ്റില്‍ അഗ്നിവീറിൻ്റെ കുടുംബത്തിന് നൽകിയ സഹായത്തെക്കുറിച്ച് നുണ പറഞ്ഞുവെന്നും അഗ്നിവീർ അജയ്കുമാറിൻ്റെ അച്ഛൻ സത്യം എന്താണെന്ന് വെളിപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പ്രതിരോധ മന്ത്രി അഗ്നിവീറിനോടും കുടുംബത്തോടും പാർലമെൻ്റിനോടും രാജ്യത്തോടും മാപ്പ് പറയണമെന്നും പറഞ്ഞുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ എക്സിലെ പോസ്റ്റ്. വീഡിയോയിൽ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് അജയ്കുമാറിൻ്റെ അച്ഛനും പ്രതികരിച്ചിരുന്നു.
എന്നാൽ, രാഹുൽ ഗാന്ധിയുടെ വീഡിയോ പുറത്തുവന്ന് രണ്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇതേക്കുറിച്ച് വിശദീകരണം പുറത്തുവന്നു. അഗ്നിവീർ അജയ് കുമാറിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ലെന്ന വ്യാജ വാർത്ത സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നുണ്ടെന്നും അഗ്നിവീർ അജയ് കുമാറിൻ്റെ സംസ്കാര ചടങ്ങുകൾ എല്ലാ ഔദ്യോഗിക ബഹുമതികളോടെയുമാണ് ചെയ്തതെന്നും ഇന്ത്യന്‍ ആര്‍മി പോസ്റ്റില്‍ കുറിച്ചു. കുടുംബത്തിന് ഇതുവരെ 98.39 ലക്ഷം രൂപ നൽകി. ബാക്കി തുകയായ 67 ലക്ഷം രൂപയും മറ്റ് ആനുകൂല്യങ്ങളും ഉടനെ തന്നെ നൽകും. 1.65 കോടി രൂപയാണ് അഗ്നിവീറിൻ്റെ കുടുംബത്തിന് നൽകുന്നത് എന്നും ഇന്ത്യൻ ആർമിയുടെ എക്സ് പോസ്റ്റിൽ പറയുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട്, ഇന്ത്യൻ ആർമി എന്നും അഗ്നിവീറുകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് രാജ്നാഥ് സിങ്ങിൻ്റെ ഓഫീസും എക്സിൽ കുറിച്ചു.
തിങ്കളാഴ്ച ലോക്സഭയില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി, അഗ്‌നിവീറുകളെ യൂസ് ആന്‍ഡ് ത്രോ തൊഴിലാളികളായിട്ടാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെന്നും അവര്‍ക്ക് രക്തസാക്ഷി പദവി പോലും നല്‍കുന്നില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കരുതെന്നും ഡ്യൂട്ടിക്കിടെ ജീവന്‍ നഷ്ടമാകുന്ന അഗ്‌നിവീറിന് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നുമായിരുന്നു രാജ്നാഥ് സിംഗ് മറുപടിയായി പറഞ്ഞത്.