
ഒൻപതാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചെന്ന് പരാതി. കൽപ്പറ്റ എസ്കെഎംജെ സ്കൂൾ മലയാളം അധ്യാപകൻ അരുണിനെതിരെയാണ് പരാതി. അകാരണമായി മുഖത്തടിച്ചെന്നും ബെഞ്ചിലേക്ക് തള്ളിയിട്ടെന്നും മർദനമേറ്റ വിദ്യാർഥി പറഞ്ഞു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. വിദ്യാർഥികൾ കൂവിയതിലുള്ള ദേഷ്യത്തിലാണ് അധ്യാപകൻ്റെ മർദനമെന്നാണ് പരാതി. മർദനമേറ്റ വിദ്യാർഥിയെ കൽപ്പറ്റ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസവും സമാനമായ മറ്റൊരു സംഭവം ഉണ്ടായിരുന്നു. കോഴിക്കോട് താമരശ്ശേരിയിൽ അങ്കണവാടി അധ്യാപിക മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചതായി പരാതി ഉയർന്നിരുന്നു. മൂന്നാം തോട് സുധി മെമ്മോറിയൽ അങ്കണവാടിയിലെ അധ്യാപിക മിനിക്കെതിരെയാണ് ആരോപണം. മലബാർ ഉന്നതി നിവാസികളായ ശിബിൻ, അനുകൃഷ്ണ ദമ്പതികളുടെ മകൾക്കാണ് പരിക്കേറ്റത്. അധ്യാപികക്കെതിരെ കുടുംബം താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൂന്നാം തോട് അങ്കണവാടിയിലെ ടീച്ചറെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയോടെ താമരശ്ശേരി മൂന്നാം തോട് സുധി മെമ്മോറിയൽ അങ്കണവാടിയിലാണ് സംഭവം. അങ്കണവാടിയിൽ നിന്ന് അമ്മയ്‌ക്കൊപ്പം പോകാൻ കരഞ്ഞ കുഞ്ഞിനെ ടീച്ചർ ബലമായി അകത്തേക്ക് വലിക്കുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിന് കൈക്ക് പരിക്കേറ്റത്. വേദനയിൽ കുട്ടി കരഞ്ഞെങ്കിലും ടീച്ചർ ശ്രദ്ധിച്ചില്ലെന്നും, വീട്ടിലെത്തിയശേഷം കുഞ്ഞ് കൈ അനക്കാതിരുന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സാരമായി പരിക്കേറ്റത് മനസിലാകുന്നത് എന്നും രക്ഷിതാക്കൾ പറഞ്ഞു.
മുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ടീച്ചർക്കെതിരെ പരാതിയുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം, കുട്ടിയുടെ കൈക്ക് നേരത്തെ തന്നെ പ്രശ്നം ഉണ്ടായിരുന്നെന്നും, ഇക്കാര്യം കുടുംബം തന്നെ അറിയിച്ചിട്ടില്ലെന്നും, അബദ്ധവശാൽ സംഭവിച്ചതാണെന്നും അധ്യാപിക മിനി ന്യൂസ് മലയാളത്തോട് പറഞ്ഞു.