
ഒളിംപിക്‌സിൽ പങ്കെടുക്കാനായി പാരിസിലേക്ക് ഫ്ലൈറ്റ് കയറിയ ഇന്ത്യൻ സംഘത്തിൽ ഒരു 14 വയസ്സുകാരികൂടിയുണ്ട്. പേര് ധിനിധി ദേസിങ്കു. മൂന്നുവയസുവരെ സംസാരിക്കാൻ ബുദ്ധിമുട്ടിയ, ആളുകളെ സമീപിക്കാൻ ഭയന്ന, വെള്ളത്തെ പോലും പേടിച്ച കുഞ്ഞാണ് ഇന്ന് ഇന്ത്യയ്ക്കായി ഒളിംപിക്‌സിൽ മത്സരിക്കാനിറങ്ങുന്നത്.
ദേശീയ ഗെയിംസില്‍ ഏഴു സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ നീന്തല്‍ താരമെന്ന റെക്കോഡ് ഇതിനോടകം സ്വന്തമാക്കിയാണ് ധിനിധി, ആദ്യ ഒളിംപിക്‌സിൽ വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലിൽ മത്സരിക്കുന്നത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി എട്ട് ദേശീയ റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചു കഴിഞ്ഞു ഈ താരം.
കോഴിക്കോട് പുതിയങ്ങാടി സ്വദേശിനിയായ ജെസിത വിജയന്റെയും തമിഴ്നാട് സ്വദേശി ദേസിങ്കുവിന്റെയും മകളാണ് ഈ കൊച്ചു മിടുക്കി. ഒളിംപിക്‌സിൽ വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലിൽ മത്സരിക്കാൻ ധിനിധി ഇറങ്ങുമ്പോൾ പാരിസിലെ നീന്തൽകുളത്തിൽ നിന്ന് മെഡലുമായി നീന്തിക്കയറുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുയാണ് രാജ്യം.