
തന്റെ വാർധക്യ പെൻഷൻ വാങ്ങാനായി 70 വയസ്സുള്ള ഒരു വയോധിക ഇഴഞ്ഞു നീങ്ങുന്നത് കിലോമീറ്ററുകളാണ്. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ റൈസുവാൻ ഗ്രാമത്തിൽ താമസിക്കുന്ന പഥുരി ദെഹുരി എന്ന വയോധികയാണ് വാർധക്യ പെൻഷൻ വാങ്ങാനായി വീട്ടിൽ നിന്നും പഞ്ചായത്ത് ഓഫീസുവരെയുള്ള രണ്ട് കിലോമീറ്റർ ഇഴഞ്ഞു പോകുന്നത്. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ സ്വന്തം ജില്ലയാണ് കിയോഞ്ജർ. ജില്ലയിലെ ടെൽകോയ് ബ്ലോക്കിൻ്റെ കീഴിലാണ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
വയോജനങ്ങളുടെയും വികലാംഗരുടെയും പെൻഷൻ അവരുടെ വീട്ടുപടിക്കൽ എത്തിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാരിന്റെ നിർദേശം നിലനിൽക്കുമ്പോഴാണ് രോഗബാധിതയായ പഥുരി ദെഹുരിക്ക് പ്രതിമാസ പെൻഷൻ വാങ്ങാനായി ഇഴഞ്ഞു പോകേണ്ട അവസ്ഥ വന്നത്. പഞ്ചായത്തിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ ഓഫീസുവരെ പോകുന്നതെന്നും പെൻഷൻ തരാനായി ആരും വീട്ടിൽ വന്നിരുന്നില്ലെന്നുമാണ് പഥുരി പറയുന്നത്.
അതേസമയം സംഭവം വർത്തയായതിനു പിന്നാലെ പഥുരിയുടെ പെൻഷനും റേഷനും വീട്ടിൽ എത്തിക്കാൻ പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസറോടും സപ്ലൈ അസിസ്റ്റൻ്റുമാരോടും ആവശ്യപ്പെട്ടതായി റൈസുവാൻ ഗ്രാമപഞ്ചായത്ത് സർപഞ്ച്, ബാഗുൻ ചാമ്പിയ അറിയിച്ചു. ഇതുകൂടാതെ പഥുരിക്ക് വീൽചെയറും നൽകിയിട്ടുണ്ടെന്നും ചാമ്പിയ പറഞ്ഞു. പഞ്ചായത്തിൽ വിവിധ പെൻഷനുകൾ വാങ്ങുന്ന 680 ഓളം ആളുകളാണുള്ളത്. സ്വന്തമായി പഞ്ചായത്ത് ഓഫീസിലെത്താൻ കഴിയാത്ത ഗുണഭോക്താക്കൾക്ക് പെൻഷൻ വീട്ടുപടിക്കൽ എത്തിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ചാമ്പിയ പറഞ്ഞു.