
ചൂരൽമലയിലെ ദുരന്ത ഭൂമിയുടെ മറുകരയിലേക്ക് കടന്നുചെന്ന് റോപ്പ് വേ വഴിയുള്ള രക്ഷാപ്രവർത്തനം നടത്താൻ തുണയായത് ഒരു ആൽമരമാണ്. ചുറ്റുമുള്ള ക്ഷേത്രമടക്കം കുത്തിയൊലിച്ച് പോയിട്ടും അവിടെ പിടിച്ച് നിന്ന ഒരു പടുകൂറ്റൻ ആൽമരം. അതിൻ്റെ ചില്ലകളിൽ റോപ്പ് ബന്ധിപ്പിക്കാൻ കഴിഞ്ഞതാണ് പരിക്കേറ്റവരെയടക്കം എളുപ്പത്തിൽ മറുകര എത്തിക്കാനായത്. മെഡിക്കൽ സംഘമടക്കം നിരവധി പേരെ റോപ്പുകളിലൂടെ ദുരന്ത ഭൂമിയിലെത്തിക്കാൻ ഈ ആൽമരം അവിടെ അവശേഷിച്ചതിനാൽ സഹായകരമായി.
Also Read:
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ചൂരൽമലയെ നെടുകെ പിളർത്തി ദുരന്തമെത്തിയത്. തൊട്ടുപിന്നാലെ രക്ഷാപ്രവർത്തകർ ഓടിയെത്തി. അപ്പോഴേക്കും പുഴയ്ക്ക് കുറുകെയുള്ള പാലമടക്കം ഒലിച്ചുപോയിരുന്നു. ഇതോടെ രക്ഷാപ്രവർത്തകർ മറുകര കടക്കാൻ കഴിയാതെ ആദ്യം പകച്ചു. അപ്പോഴാണ് പ്രദേശത്തെ ശിവക്ഷേത്രമടക്കം മാഞ്ഞുപോയിട്ടും കുത്തൊഴുക്കിൽ കടപുഴകാതെ നിന്ന ആൽമരം അവർക്കുനേരെ കൈകൾ നീട്ടിയത്. രക്ഷാപ്രവർത്തകർ നീട്ടിയെറിഞ്ഞ റോപ്പുകൾ ആ വടവൃക്ഷം മുറുകെപ്പിടിച്ചു.
പിന്നീട് ആ റോപ്പിലൂടെ നിരവധി പേരെ രക്ഷാപ്രവർത്തകർ മരണത്തിൻ്റെ കരയിൽനിന്ന് ജീവിതത്തിൻ്റെ തീരത്തെത്തിച്ചു. തനിക്കുചുറ്റും കളിച്ചുവളർന്ന പലരും താൻ മുറുകെപ്പിടിച്ച കയറിലൂടെ ജീവിതത്തിലേക്ക് നടന്നുകയറുന്നത് ആ ആൽമരം തല ഉയർത്തി നോക്കിനിന്നു. മലവെള്ളപ്പാച്ചിലിൽ പെട്ടാൽ ദുരന്തഭൂമിയുടെ അവസാന ആശ്രയവും ഇല്ലാതാകുമെന്ന് ഒരുപക്ഷേ ആ ആൽമരം മനസിലാക്കിയിരുന്നിരിക്കാം. അതാവാം വലിയ പാറക്കല്ലുകൾക്കും മരത്തടികൾക്കും മുന്നിൽ പതറാതെ ആഴത്തിൽ വേരുറപ്പിച്ച് നിൽക്കാൻ വൃക്ഷത്തെ പ്രേരിപ്പിച്ചത്.
തനിക്ക് ചുറ്റും ഓടി നടന്ന കുഞ്ഞുമക്കളിൽ പലരും ഇനി ഈ വഴി വരില്ലെന്ന് വൃക്ഷത്തിനറിയാം. വെള്ളാർമല സ്കൂളിലെ മക്കൾ ഓടിക്കളിച്ചിരുന്ന മൈതാനത്തേക്കായിരുന്നു എപ്പോഴും അവൻ്റെ നോട്ടം. എന്നാലിപ്പോൾ മൈതാനത്ത് വന്നടിഞ്ഞ പാറക്കൂട്ടങ്ങൾ ആൽമരത്തിൻ്റെ കാഴ്ച മറച്ചിട്ടുണ്ട്. അല്ലെങ്കിലും മലയിടിച്ചെത്തിയ മഹാദുരന്തം മറക്കപ്പുറം കാണാൻ കാഴ്ചകളൊന്നും ബാക്കിവെച്ചിട്ടില്ല. തകർന്ന സ്കൂൾ കെട്ടിടത്തിനിടയിലൂടെ പൊട്ടി ഒലിച്ച് വന്ന മലയുടെ പാടുകൾ നോക്കി നിൽക്കുമ്പോൾ അവൻ്റെ ഉള്ളം പൊള്ളുന്നുണ്ടാവും. അപ്പോഴും രക്ഷാപ്രവർത്തകർക്ക് മഴയിലും വെയിലിലും താങ്ങായി ആ ദുരന്ത ഭൂമിയിൽ അവൻ ഏകനായി നിൽക്കുകയാണ്.