ഓസ്ട്രേലിയയിൽ പഠിക്കാൻ കാത്തിരിക്കുന്നവർക്ക് കനത്ത നിരാശ : വിദേശ വിദ്യാർഥികളുടെ പ്രവേശനത്തിൽ നിയന്ത്രണവുമായി ഓസ്ട്രേലിയ

ഈ പ്രഖ്യാപനത്തോടെ പ്രതിസന്ധിയിലാവുന്നത് ഫെബ്രുവരിയിലേക്കായി അഡ്മിഷൻ എടുക്കാനിരുന്ന വിദ്യാർഥികളായിരിക്കും
ഓസ്ട്രേലിയയിൽ പഠിക്കാൻ കാത്തിരിക്കുന്നവർക്ക് കനത്ത നിരാശ : വിദേശ വിദ്യാർഥികളുടെ പ്രവേശനത്തിൽ നിയന്ത്രണവുമായി ഓസ്ട്രേലിയ
Published on

വിദേശ വിദ്യാർഥികളുടെ പ്രവേശനം വെട്ടിക്കുറച്ച് ഓസ്ട്രേലിയ. കുടിയേറ്റക്കാരുടെ എണ്ണത്തിലുള്ള വർധന രാജ്യത്തെ വാടക കുത്തനെ കൂടുന്നതിന് കാരണമായിരുന്നു. ഇത് നിയന്ത്രിക്കുന്നതിനായാണ് പുതിയ നിയന്ത്രണം. നിയന്ത്രണമനുസരിച്ച് 2025ൽ വെറും 2.75 ലക്ഷം വിദേശ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം ലഭ്യമാവുകയുള്ളൂ.

പരിശീലന കോഴ്സുകൾ, തൊഴിലധിഷ്ഠിത കോഴ്സുകൾ, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം ഈ നിയന്ത്രണം ബാധകമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇത് കനത്ത തിരിച്ചടിയായേക്കും. ഇന്ത്യയിൽ പഞ്ചാബിൽ നിന്നാണ് ഏറ്റവുമധികം വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി ഓസ്ട്രേലിയയിലേക്ക് പോകുന്നത്.

2022 ജൂണിൽ ഓസ്ട്രേലിയ വിദേശ വിദ്യാർഥികളുടെ പ്രവേശനം 5.10 ലക്ഷം ആക്കി ചുരുക്കിയിരുന്നു. പിന്നീട് 2023 ൽ ഇത് വീണ്ടും ചുരുക്കി 3.75 ലക്ഷമാക്കിയിരുന്നു. ഇപ്പോൾ ഇത് വീണ്ടും 2.7 ലക്ഷമാക്കി കുറച്ചിരിക്കുകയാണ്.  എല്ലാ വിദേശ വിദ്യാർഥികൾക്കും ഈ നിയന്ത്രണം ബാധകമാണ്. യൂണിവേഴ്സിറ്റികൾ ആദ്യം  രാജ്യാടിസ്ഥാനത്തിലും പിന്നീട് സ്റ്റേറ്റ് അടിസ്ഥാനത്തിലുമായിരിക്കും ക്വാട്ട നിശ്ചയിക്കുകയെന്ന് ഓസ്ട്രേലിയൻ മൈഗ്രേഷൻ എജൻ്റ്സ് രജിസ്ട്രേഷൻ അതോറിറ്റി ഓഫ് ഓസ്ട്രേലിയ അംഗമായ സുനിൽ ജാഗ്ഗി അറിയിച്ചു.

ഈ പ്രഖ്യാപനത്തോടെ പ്രതിസന്ധിയിലാവുന്നത് ഫെബ്രുവരിയിലേക്കായി അഡ്മിഷൻ എടുക്കാനിരുന്ന വിദ്യാർഥികളായിരിക്കും.

ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിൻ്റെ കണക്കുകളനുസരിച്ച് ഏകദേശം 1.22 ലക്ഷം വിദ്യാർഥികളാണ് ഓസ്ട്രേലിയയിൽ പഠിക്കുന്നത്. ഇതിന് പുറമേ, ഓസ്ട്രേലിയ തങ്ങളുടെ നോൺ റീഫണ്ടബിൾ വിസ ഫീസ് ഓസ്ട്രേലിയൻ ഡോളർ 710 ൽ നിന്നും 1600 ആക്കി വർധിപ്പിച്ചതും തിരിച്ചടിയാകും. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com