തലയും വാലുമില്ല, മൂന്ന് കോടി ചെലവിൽ തുറസായ വയലിൻ്റെ ഒത്ത നടുക്കൊരു പാലം !

ബിഹാറിൽ മുഖ്യമന്ത്രി ഗ്രാമീൺ സഡക് പദ്ധതിയിൽ ഉൾപ്പെടുത്തിയ 3 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പദ്ധതിയുടെ ഭാഗമായായിരുന്നു പാലത്തിൻ്റെ നിർമാണം
ബിഹാറിൽ വയലിന് നടുവിൽ നിർമിച്ച പാലം
ബിഹാറിൽ വയലിന് നടുവിൽ നിർമിച്ച പാലം
Published on

ബിഹാറിലെ അരാരിയ ജില്ലയിലെ ഈ പാലം കണ്ടാൽ ആരും മൂക്കത്ത് വിരൽ വെച്ചുപോവും. ഇരുവശവും റോഡില്ലാതെ തുറസായ വയലിൻ്റെ ഒത്ത നടുവിലാണ് ഭരണസമിതി മൂന്നുകോടി രൂപ ചെലവിൽ പാലം നിർമിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഗ്രാമീൺ സഡക് പദ്ധതിയിൽ ഉൾപ്പെടുത്തിയ മൂന്ന് കിലോമീറ്റർ നീളമുള്ള റോഡിൻ്റെ ഭാഗമായായിരുന്നു പാലത്തിൻ്റെ നിർമാണം.

ഈ പാലം എന്തിനെന്നാണ് അരാരിയയിലെ പരമാനന്ദപൂർ ഗ്രാമനിവാസികളും ചോദിക്കുന്നത്. പാലം നിൽക്കുന്ന സ്ഥലം ഭരണസമിതി ഏറ്റെടുത്തെങ്കിലും ബാക്കിയുള്ള സ്ഥലം ഏറ്റെടുത്തിരുന്നില്ല. അതിനൽ ഇരുവശത്തും റോഡ് ഇല്ലാതെയാണ് ഭരണസമിതി പാലം പണിതത്. പ്രദേശത്ത് ഒരു പുഴയുണ്ടെന്നും ഇത് മഴക്കാലത്ത് നിറയുകയും ബാക്കിയുള്ള സമയങ്ങളിൽ വറ്റിവരണ്ടതായിരിക്കുമെന്നും നാട്ടുകാർ പറയുന്നു. മഴക്കാലത്ത് ഗ്രാമീണർക്ക് ഗതാഗത സൗകര്യം നൽകാൻ ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി നടപ്പാക്കിയത്.

സംഭവം ചർച്ചയായതോടെ അരാരിയ ജില്ലാ മജിസ്‌ട്രേറ്റ് ഇനായത് ഖാൻ വിഷയത്തിൽ ഇടപെട്ടു. "ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം സബ് ഡിവിഷണൽ ഓഫീസർ, സർക്കിൾ ഓഫീസർ, ബന്ധപ്പെട്ട എഞ്ചിനീയർ എന്നിവരോടും സ്ഥലവും പ്രദേശവും സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്." ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. ഭൂമി ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഏത് വിധേനയാണ് പദ്ധതി രൂപപ്പെടുത്തിയതെന്നതുൾപ്പെടയുള്ള കാര്യങ്ങളെല്ലാം പരിശോധിച്ച് വരികയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇനായത് ഖാൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com