
വിവാദ ട്രെയിനി ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്ക്കറുടെ അമ്മ മനോരമ ഖേഡ്ക്കറെ അനധികൃതമായി തോക്ക് കൈവശം വെച്ചതിന് പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുല്‍ഷിയില്‍ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കിടെ മനോരമ തോക്കെടുത്ത് പ്രദേശത്തെ കര്‍ഷകരെ ഭയപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിലെ റായ്ഗാര്‍ഡ് ജില്ലയില്‍ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന മനോരമയെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. മനോരമയെ പൂനയില്‍ തിരികെ എത്തിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്ന് പൊലീസ് പറഞ്ഞു. പൂജയുടെ അമ്മ മനോരമ ഖേഡ്ക്കര്‍ തോക്കുമായി ആളുകളെ ഭയപ്പെടുത്തുന്ന പഴയൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചരിക്കുകയായിരുന്നു. വീഡിയോയ്ക്കു പിന്നാലെ മനോരമ ഖേഡ്ക്കര്‍ക്കെതിരെ പൂനെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ മനോരമ തോക്കെടുത്ത് പ്രദേശത്തെ കര്‍ഷകരെ ഭയപ്പെടുത്തുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വീഡിയോയില്‍ മനോരമ തോക്ക് ചൂണ്ടി ഒരു കര്‍ഷകനോട് ഭൂമിയുടെ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.
പൂജ ഖേഡ്ക്കറുടെ പിതാവ് ദിലീപ് ഖേഡ്ക്കറും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇയാൾ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ രണ്ടു തവണ ദിലീപ് സസ്പെന്‍ഡ് ചെയ്യപ്പെട്ടുവെന്ന വാര്‍ത്തകളും വരുന്നുണ്ട്. പണംതട്ടല്‍, കൈക്കൂലി എന്നീ ആരോപണങ്ങളിലായിരുന്നു സസ്‌പെന്‍ഷന്‍.
വ്യാജരേഖ നല്‍കി സര്‍വീസില്‍ പ്രവേശിച്ചെന്ന ഗുരുതര ആരോപണത്തില്‍ നിയമ നടപടി നേരിടുകയാണ് പൂജ ഖേഡ്ക്കര്‍. ഇവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ഐഎഎസ് പരിശീലനം അവസാനിപ്പിച്ച് അക്കാദമിയില്‍ തിരികെയെത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍.