മുംബൈയിൽ ബിഎംഡബ്ല്യൂ കാറിടിപ്പിച്ച് സ്ത്രീയെ കൊലപ്പെടുത്തിയ കേസ്; മിഹി‍‍ർ ഷായെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ശിവസേനയുടെ ഏക്നാഥ് ഷിൻഡെ വിഭാ​ഗം നേതാവായ രാജേഷ് ഷായുടെ മകനാണ് 24 കാരനായ മിഹിർ
Mihir
Mihir
Published on

മുംബൈ വേ‍ർളിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയെ ബിഎംഡബ്ല്യൂ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മിഹി‍ർ ഷായെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവശേഷം ഒളിവിലായിരുന്ന മിഹിറിനെ ജൂലൈ ഒമ്പതിനാണ് അറസ്റ്റ് ചെയ്തത്.


ശിവസേനയുടെ ഏക്നാഥ് ഷിൻഡെ വിഭാ​ഗം നേതാവായ രാജേഷ് ഷായുടെ മകനാണ് 24 കാരനായ മിഹിർ. സംഭവശേഷം അറസ്റ്റിലായ രാജേഷ് ഷായെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ജൂലൈ ഏഴിന് രാവിലെയാണ് മിഹിർ ഓടിച്ചിരുന്ന കാറിടിച്ച് സ്കൂട്ടർ യാത്രികയായിരുന്ന കാവേരി നഖ്‍വ മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഭർത്താവ് പ്രദീപ് പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.


സംഭവ സമയത്ത് കാർ ഓടിച്ചിരുന്നത് മിഹിറായിരുന്നു. കാർ ഡ്രൈവറായിരുന്ന രാജ്റിഷി ബിദാവത് പാസ്സഞ്ചർ സീറ്റിലുമായിരുന്നു. അപകടം നടന്ന ശേഷം മിഹിർ രാജേഷ് ഷായുടെ നിർദേശം അനുസരിച്ച് ഡ്രൈവർ സീറ്റിൽ നിന്നും മാറിയിരുന്നതായും പൊലീസ് പറഞ്ഞു.
സംഭവം നടന്ന ശേഷം താടി വടിച്ച് മിഹിർ ആൾമാറാട്ടത്തിന് ശ്രമിച്ചുവെങ്കിലും രണ്ട് ദിവസത്തിനു ശേഷം വിരാറിലെ റിസോർട്ടിൽ നിന്നും പൊലീസ് ഇയാളെ പിടികൂടി. അപകട സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ‌


ജൂഹുവിലെ ബാറിൽ സുഹൃത്തുക്കളുമായുള്ള പാർട്ടി കഴിഞ്ഞ് മടങ്ങുന്നിതിനിടെയായിരുന്നു അപകടത്തിനാസ്പദമായ സംഭവം. തിരികെ മടങ്ങുന്നതിനിടെ മിഹിർ ഡ്രൈവറുടെ പക്കൽ നിന്നും കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അമിത വേഗതയെ തുടർന്നായിരുന്നു അപകടം. സംഭവത്തെ തുട‍ർന്ന് പൊലീസ് ഇയാൾക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവ ദിവസം തന്നെ അറസ്റ്റിലായ ഡ്രൈവറെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com