
മുംബൈയിൽ വീട്ടമ്മയെ ആഡംബര വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ, ശിവസേന നേതാവിന്‍റെ മകന്‍ മിഹിർ ഷായെ ഏഴു ദിവസം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജൂലൈ 16 വരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. ഒളിവിലായിരുന്ന പ്രതിയെ ബുധനാഴ്ചയാണ് പിടികൂടിയത്.
ജൂലെെ 7 ഞായറാഴ്ചയാണ് 24 കാരനായ മിഹിർ ഷായുടെ പിതാവിൻ്റെ പേരിലുള്ള ആഡംബര കാറിടിച്ച് വീട്ടമ്മ കൊല്ലപ്പെട്ടത്. മുംബൈ വർളിയിൽ വെച്ച് പുലർച്ചെയായിരുന്നു അപകടം. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന 45കാരിയാണ് ബിഎംഡബ്ല്യൂ ഇടിച്ചു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് ഗുരുതര പരിക്കേറ്റു. അപകട സമയത്ത് മിഹിർ അമിതവേഗത്തിലായിരുന്നു വാഹനമോടിച്ചെതെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിന് പിന്നാലെ മൂന്ന് ദിവസത്തോളം പ്രതി ഒളിവിലായിരുന്നു. തുടർന്ന് ചൊവ്വാഴ്ച മിഹിറിന്‍റെ പിതാവും, ശിവസേന ഷിൻഡെ വിഭാഗം നേതാവുമായ രാജേഷ് ഷായെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാജേഷ് ഷായെ ശിവസേന സസ്പെന്‍ഡ് ചെയ്തെന്നും, കേസിലുള്‍പ്പെട്ടവർക്ക് പാർട്ടി സംരക്ഷണം കൊടുക്കില്ലെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതികരിച്ചിരുന്നു.
കുറ്റസമ്മതം നടത്തിയ പ്രതി, മദ്യലഹരിയിലാണ് താൻ കാറോടിച്ചിരുന്നതെന്നും സമ്മതിച്ചു. മിഹിറിന് അനധികൃതമായി മദ്യം നല്‍കിയ ജുഹുവിലെ വെെസ് ഗ്ലോബല്‍ തപസ് ബാറിന്‍റെ ഒരു ഭാഗം, കഴിഞ്ഞ ദിവസം അധികൃതർ ബുള്‍ഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. മഹാരാഷ്ട്രയിലെ എക്സെെസ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു നടപടി.