
29ാമത് ഐഎഫ്എഫ്കെയിലെ പ്രായം കുറഞ്ഞ സംവിധായകന്‍റെ സിനിമ, ജെൻസി സിനിമ... ഇക്കുറി ചലച്ചിത്ര മേളയിൽ വലിയ ചർച്ചയായി മാറുന്ന 'വാട്ടുസി സോംബി'ക്ക് ഒട്ടേറെ വിശേഷണങ്ങളാണ്. ഒരുപാട് ആളുകൾ കാണുന്ന വലിയൊരു മേളയിലേക്ക് സിനിമ എത്തുന്നുവെന്നത് വളരെ സന്തോഷകരമാണെന്നാണ് 20കാരനായ സംവിധായകൻ സിറിൽ ഇതേക്കുറിച്ച് ന്യൂസ് മലയാളത്തോട് പറഞ്ഞത്.
പ്ലസ് ടുവിന് ശേഷം കമ്യൂണിക്കേഷന്‍ ഡിസൈനിൽ ബിരുദ പഠനം ആരംഭിക്കുന്നതിന് തൊട്ട് മുൻപായാണ് സിറിൽ, വാട്ടുസി സോംബി എന്ന സിനിമയുണ്ടാക്കുന്നത്. ഒരു ഷോർട്ട് ഫിലിമായി മാത്രം ഇറങ്ങിയേക്കാവുന്ന ഒരു ചിത്രം, സിറിലിൻ്റെയും സംഘത്തിൻ്റെയും ഫീച്ചർ ഫിലിമെന്ന ദൃഢനിശ്ചയം കൊണ്ട് മാത്രമാണ് ഇന്ന് ഐഎഫ്എഫ്കെ വരെ എത്തി നിൽക്കുന്നത്. പോൾ ആൻഡേഴ്സൺ ആരാധകനായ സിറിൽ, ആൻഡേഴ്സൺ സിനിമകൾ കണ്ടുതുടങ്ങിയപ്പോഴാണ് സിനിമയ്ക്ക് ജീവിതത്തിലുള്ള സ്ഥാനം എത്രത്തോളമാണെന്ന് മനസിലായതെന്ന് പറയുന്നു.
കോവിഡിന് തൊട്ട് മുൻപ് നടക്കുന്ന ഒരു കഥ. കലാകാരനായ നായകനെ പറ്റി ഉടലെടുക്കുന്ന ഒരു റൂമറാണ് കഥയുടെ പശ്ചാത്തലം. കോമഡിയാണ് ചിത്രത്തിൻ്റെ ഴോണർ. പ്രായത്തിൽ ചെറുതാണെന്നും ജെൻസി സിനിമയാണെന്നുമുള്ള ടാഗ്‌ലൈനോടെ ചിത്രം പുറത്തിറങ്ങുന്നതിനോട് എന്നാൽ സിറിലിന് വലിയ താൽപര്യമില്ല. ഭാഗ്യവും പ്രിവിലേജുകളും കാരണമാണ് ഇങ്ങനെയൊരു സിനിമ ഈ പ്രായത്തിൽ ചെയ്യാൻ സാധിച്ചത്. എങ്കിൽ കൂടി ഈ സിനിമയെ സംവിധായകൻ്റെ പ്രായം കണക്കിലെടുക്കാതെ സീരിയസ് ആയി കാണപ്പെടണമെന്നാണ് ആഗ്രഹം. കോമഡിയാണെങ്കിൽ കൂടി ഇതിലൂടെ പറയാൻ ആഗ്രഹിക്കുന്നത് സീരിയസായ വിഷയമാണെന്നും സിറിൽ പറയുന്നു.