തൃശൂരിൽ അഞ്ച് വയസുകാരനെ മര്‍ദിച്ച സംഭവം; അധ്യാപിക സെലിനെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു

മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു
തൃശൂരിൽ അഞ്ച് വയസുകാരനെ മര്‍ദിച്ച സംഭവം; അധ്യാപിക സെലിനെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു
Published on: 
Updated on: 



തൃശൂർ കുര്യച്ചിറയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയോടെയാണ് കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിനെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ ചൂരൽ ഉപയോഗിച്ച് സെലിൻ ക്രൂരമായി മർദിച്ചുവെന്നും, ഭീഷണിപ്പെടുത്തി സംസാരിച്ചെന്നുമാരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയത്. എൽകെജി വിദ്യാർഥിയായ അഞ്ച് വയസുകാരൻ സെലിൻ ബോർഡിലെഴുതിയത് പകത്തിയെഴുതാൻ തയ്യാറായില്ല. പിന്നാലെ വിദ്യാർഥിയെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പരാതി.


തിങ്കളാഴ്ച വീട്ടിലെത്തിയ വിദ്യാർഥിയുടെ കാലിൽ മർദനത്തിൻ്റെ പാടുകൾ കണ്ടതോടെ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സ്കൂളിലും പൊലീസിലും പരാതി നൽകി. ആദ്യം പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർ, സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ അധ്യാപികയെ സസ്പെൻഡ് ചെയ്തു. പൊലീസിന് പുറമെ ബാലാവകാശ കമ്മീഷനിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com