
സംസ്ഥാനത്തെ റോഡ് അപകടങ്ങളിൽ നിയമ നടപടി കർശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. അപകടങ്ങൾ തുടർക്കഥയായ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെയും പൊലീസിൻ്റെയും സംയുക്ത യോഗം ഇന്ന് ചേരും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഗതാഗത കമ്മീഷണറും ജില്ലാ പൊലീസ് മേധാവിമാരും യോഗത്തിൽ പങ്കെടുക്കും. റോഡിൽ സംയുക്ത പരിശോധന നടത്തുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കും.
ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗം ഗതാഗതമന്ത്രിയും വിളിച്ചിട്ടുണ്ട്. നാളെയാകും യോഗം നടക്കുക. സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച പനയമ്പാടം വളവിൽ ഗതാഗത മന്ത്രി സ്വയം വാഹനം ഓടിച്ച് റോഡിന്റെ അശാസ്ത്രീയത വിലയിരുത്തിയിരുന്നു. റോഡ് നിർമാണത്തിന്റെ അപാകത ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗതാഗത മന്ത്രി വിളിച്ച യോഗത്തിൽ ചർച്ചയാകും.
അതേസമയം, കല്ലടിക്കോട് പനയമ്പാടം അപകടത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. റോഡുകളുടെ അപാകത പരിഹരിക്കാനുള്ള സംയുക്ത അന്വേഷണ റിപ്പോർട്ട് ആണ് ഉദ്യോഗസ്ഥ സംഘം ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കുക. പൊലീസ്, മോട്ടോ൪ വാഹനവകുപ്പ്, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം, ദേശീയ പാത അതോറിറ്റി എന്നിവരുടെ നി൪ദേശങ്ങൾ ക്രോഡീകരിച്ചായിരിക്കും റിപ്പോ൪ട്ട് തയാറാക്കുക.
ഇതിനു പുറമെ ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം നൽകിയ നി൪ദേശങ്ങളും റിപ്പോ൪ട്ടിൽ ഉൾപ്പെടുത്തും. പ്രദേശത്തെ മൂന്ന് പോയിന്റുകളിലായാണ് പരിശോധന നടന്നത്. ഈ മേഖലയിൽ ചുവന്ന സിഗ്നൽ ഫ്ളാഷ് ലൈറ്റുകൾ, വേഗത കുറയ്ക്കാനുള്ള ബാരിയർ റിംപിൾ സ്ട്രിപ്, റോഡ് സ്റ്റഡ്, റിഫ്ലക്ട൪ എന്നിവ ഉടൻ സ്ഥാപിക്കണമെന്നതടക്കം നി൪ദേശങ്ങളും സംഘം മുന്നോട്ടുവച്ചിട്ടുണ്ട്.