അച്ഛനോട് പ്രത്യേക സ്‌നേഹം കാണിച്ച നേതാവ്; യെച്ചൂരിയെ അനുസ്മരിച്ച് വി.എസ്സിന്‍റെ മകന്‍ അരുണ്‍ കുമാര്‍

ഡല്‍ഹിയില്‍ എകെജി ഭവനില്‍ സീതാറാം യെച്ചൂരിക്ക് അവസാന യാത്രയയപ്പ് നല്‍കുകയാണ്
അച്ഛനോട് പ്രത്യേക സ്‌നേഹം കാണിച്ച നേതാവ്; യെച്ചൂരിയെ അനുസ്മരിച്ച് വി.എസ്സിന്‍റെ മകന്‍ അരുണ്‍ കുമാര്‍
Published on

അച്ഛനോട് പ്രത്യേക സ്നേഹം കാണിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ അരുണ്‍കുമാർ. ഡൽഹിയിൽ എത്തുമ്പോൾ പ്രത്യേക കരുതൽ കാണിച്ചിരുന്നുവെന്നും അരുണ്‍കുമാർ പറഞ്ഞു.

പരസ്പര ബഹുമാനവും സ്നേഹവും വെച്ചു പുലർത്തിയ നേതാക്കളായിരുന്നു യെച്ചൂരിയും വി.എസ്സും. സിപിഎമ്മിലെ രണ്ട് തലമുറയില്‍പ്പെട്ട നേതാക്കളാണ് ഇരുവരും. യെച്ചൂരി എസ്എഫ്ഐയിലൂടെ സംഘടനാ പ്രവർത്തനത്തിലേക്ക് കടന്നു വരുമ്പോള്‍ കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന നേതാവായിരുന്നു വി.എസ്. സംസ്ഥാനത്ത് സിപിഎമ്മില്‍ വിഭാഗീയത ഉയർന്നുവന്നപ്പോള്‍ വിഎസ്സിനെ അനുനയിപ്പിച്ചതും പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനങ്ങള്‍ക്കൊപ്പം നിർത്തിയതും യെച്ചൂരിയായിരുന്നു.

2006ല്‍ ഇടതു മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ വിഎസിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ യെച്ചൂരി വഹിച്ച പങ്ക് വലുതാണ്. മുഖ്യമന്ത്രിയായിരുന്ന വി.എസിന് പാർട്ടിയുമായി ഭിന്നാഭിപ്രായങ്ങള്‍ വന്നപ്പോഴൊക്കെ യെച്ചൂരി പിന്തുണയുമായി എത്തി. അതുകൊണ്ട് തന്നെ, വിഎസിനോട് പ്രത്യേക സ്നേഹം കാണിച്ച നേതാവായിരുന്നു യെച്ചൂരിയെന്ന വിശേഷണം ഏറെ യോജിച്ചതാണ്.

അതേസമയം, ഡല്‍ഹിയില്‍ എകെജി ഭവനില്‍ സീതാറാം യെച്ചൂരിക്ക് അവസാന യാത്രയയപ്പ് നല്‍കുകയാണ്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ തുടങ്ങി നിരവധി ആളുകൾ സിപിഎം ജനറല്‍ സെക്രട്ടറിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തി. കോൺഗ്രസ്‌ നേതാവ് സോണിയ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, കപിൽ സിബൽ, ഡി എം കെ നേതാവ് കനിമൊഴി, സിപിഐ ജനറൽ സെക്രട്ടറി എ. രാജ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരും വസതിയിലെത്തി ആദരാഞ്ജലി അർപ്പിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും ആദരാഞ്ജലി അർപ്പിക്കാനെത്തി.

ALSO READ: പ്രിയ സഖാവിന് അന്ത്യാഞ്ജലി... സീതാറാം യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്, എകെജി ഭവനിൽ പൊതുദർശനം

ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 20 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യെച്ചൂരി. ഡല്‍ഹി എയിംസില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. എംബാം ചെയ്ത് എയിംസിൽ സൂക്ഷിച്ച മൃതദേഹം സിപിഎം നേതാക്കളാണ് ഏറ്റുവാങ്ങിയത്. തുടർന്ന്‌ പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം.എ. ബേബി, നീലോൽപൽ ബസു, കേന്ദ്ര സെക്രട്ടേറിയറ്റ്‌ അംഗം വിജൂ കൃഷ്‌ണൻ എന്നിവർ ചേർന്ന്‌ ചെങ്കൊടി പുതപ്പിച്ചു. ഒന്‍പത് വര്‍ഷം തുടര്‍ച്ചയായി യെച്ചൂരി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com