കോ പൈലറ്റ് ബോധരഹിതനായി; ലുഫ്താന്‍സ വിമാനം പൈലറ്റില്ലാതെ പറന്നത് പത്ത് മിനുറ്റ് !

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17ന്, ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് സെവിയ്യയിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനത്തിലായിരുന്നു സംഭവം
കോ പൈലറ്റ് ബോധരഹിതനായി; ലുഫ്താന്‍സ വിമാനം പൈലറ്റില്ലാതെ പറന്നത് പത്ത് മിനുറ്റ് !
Published on



കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17ന്, ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് സ്പെയിനിലെ സെവിയ്യയിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം പത്ത് മിനുറ്റ് പറന്നത് പൈലറ്റില്ലാതെ! കോക്‌പിറ്റില്‍ പൈലറ്റ് ഇല്ലാതിരുന്ന സമയത്ത് കോ-പൈലറ്റ് ബോധരഹിതനായതോടെയാണ് വിമാനം നിയന്ത്രിക്കാന്‍ ആളില്ലാതെ വന്നതെന്ന് ജര്‍മന്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് എ.പി റിപ്പോര്‍ട്ട് ചെയ്തു. സ്പാനിഷ് അപകട അന്വേഷണ അതോറിറ്റി സിഐഎഐഎസിയെ ഉദ്ധരിച്ചാണ് ജര്‍മന്‍ ന്യൂസ് ഏജന്‍സി ശനിയാഴ്ച വാര്‍ത്ത പുറത്തുവിട്ടത്.

എയര്‍ബസ് എ321 വിമാനത്തിലായിരുന്നു സംഭവം. 199 യാത്രക്കാരും ആറ് ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ വാഷ്റൂമില്‍ പോയ സമയത്ത്, കോ പൈലറ്റ് ബോധരഹിതനായി. ഇതോടെ പത്ത് മിനുറ്റോളം വിമാനം നിയന്ത്രിക്കാന്‍ ആളില്ലാതെ വന്നു. ക്യാപ്റ്റൻ തിരിച്ചെത്തിയപ്പോഴാണ് കോ പൈലറ്റിനെ ബോധരഹിതനായി കാണുന്നത്. വാതില്‍ തുറക്കാനുള്ള കോഡ് നല്‍കിയാല്‍ കോക്‌പിറ്റിലെ ഒരു ബസ്സര്‍ ട്രിഗര്‍ ആവുകയും, കോ പൈലറ്റിന് വാതില്‍ തുറക്കാന്‍ സാധിക്കുന്നതുമാണ്. പൈലറ്റ് അഞ്ച് തവണ അത് ചെയ്തെങ്കിലും അബോധാവസ്ഥയിലായ കോ പൈലറ്റിനെ ഉണര്‍ത്താനായില്ല. ഇതോടെ, വിമാനത്തിനകത്തെ ടെലഫോണ്‍ സംവിധാനത്തിലൂടെ കോ പൈലറ്റുമായി ബന്ധപ്പെടാന്‍ സ്റ്റ്യുവാര്‍ഡ് ശ്രമിച്ചു. അതും പരാജയപ്പെട്ടതോടെ, സ്വയം വാതില്‍ തുറക്കാന്‍ അനുവദിക്കുന്ന അടിയന്തര കോഡ് ക്യാപ്റ്റന്‍ ടൈപ്പ് ചെയ്തു. അപ്പോഴേക്കും, അബോധാവസ്ഥയില്‍ തന്നെ കോ പൈലറ്റ് അകത്തുനിന്ന് വാതില്‍ തുറന്നു. പിന്നാലെ, മാഡ്രിഡിൽ എമർജൻസി ലാൻഡിങ് നടത്തി, കോ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു -ജര്‍മന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അബോധാവസ്ഥയില്‍ കോ പൈലറ്റ് വിമാനം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഓട്ടോ പൈലറ്റ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചതോടെ വിമാനം സുഗമമായി പറന്നു. വോയ്സ് റെക്കോര്‍ഡറില്‍ കോക്‌പിറ്റില്‍നിന്ന് വിചിത്രമായ ശബ്ദങ്ങള്‍ പതിഞ്ഞിരുന്നു. ഹെല്‍ത്ത് എമര്‍ജെന്‍സിയുമായി പൊരുത്തപ്പെടുന്നതാണ് ആ റെക്കോഡ്. അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയാമെന്ന് ലുഫ്താന്‍സയും വ്യക്തമാക്കി. കമ്പനിയുടെ ഫ്ലൈറ്റ് സുരക്ഷാ വകുപ്പും ഇക്കാര്യം അന്വേഷിച്ചിരുന്നു. അതേസമയം, സ്പാനിഷ് അപകട അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com