
ഉത്തരാഖണ്ഡിലെ ചമോലിയിൽ ബദരീനാഥ് ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ. ഹൈവേയുടെ ജോഷിമഠിലെ ചുംഗി ധർ ഭാഗത്താണ് കുന്നിന്റെ വലിയൊരു ഭാഗം അടർന്നുവീണത്. മണ്ണിടിച്ചിലിൽ റോഡിൻ്റെ ഇരുവശങ്ങളിലും നൂറുകണക്കിന് ആളുകളും വാഹനങ്ങളും കുടുങ്ങിയതോടെ ബദരീനാഥ് ഹൈവേയിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, സംസ്ഥാനത്ത് അളവിൽ കൂടുതൽ മഴപെയ്യുമെന്ന, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്ന് നിർത്തിവച്ച ചാർ ധാം യാത്ര തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. അറിയിപ്പിനെ തുടർന്ന് ഒരു ദിവസത്തേക്കാണ് ചാർ ധാം യാത്ര നിർത്തിവെച്ചത്. എന്നാൽ, രുദ്രപ്രയാഗ്-കേദാർനാഥ് ദേശീയപാതയും മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരാഖണ്ഡിൻ്റെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇതേ തുടർന്ന് സംസ്ഥാനത്ത് ഇപ്പോൾ മണ്ണിടിച്ചിലും രൂക്ഷമാണ്. കനത്തമഴയെ തുടർന്ന് ചമ്പാവത്ത്, ഉദ്ദം സിംഗ് നഗർ ജില്ലകളിലെ നിരവധി ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.