

കൊച്ചി എച്ച്എംടി ജംഗ്ഷനിൽ വൺവേ ഗതാഗത പരിഷ്കാരത്തിന് തുടക്കമായി. ജംഗ്ഷനിലെ പുതിയ ഗതാഗത രീതി മന്ത്രി പി രാജീവാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കടുത്ത ഗതാഗത കുരുക്കിനെ തുടർന്നാണ് പുതിയ തീരുമാനം. പുതിയ രീതി വിജയമായാൽ പിന്നീട് ഇത് സ്ഥിരമാക്കാനും പദ്ധതിയുണ്ട്.
ALSO READ: കൊണ്ടുവന്നത് മെട്രോ നിർമാണത്തിന്; ഇപ്പോള്‍ തിരക്കേറിയ റോഡില്‍ തുരുമ്പെടുക്കുന്നു, അപകട ഭീഷണിയായി പൈലിങ് യന്ത്രം
എച്ച്എംടി ജംഗ്ഷനിലെ ഒരു ഭാഗത്തേക്കുള്ള ഗതാഗതം വൺവേ ആയി ചുരുക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് നിലവിലെ തീരുമാനം. ആലുവ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ കളമശ്ശേരി ആര്യാസ് ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എച്ച്എംടി ജംഗ്ഷൻ വഴി ടിവിഎസ് ജംഗ്ഷനിലെത്തി ദേശീയ പാതയിൽ പ്രവേശിക്കണം. എറണാകുളത്ത് നിന്ന് എച്ച്എംടി ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ ടിവിഎസ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിയുന്നത് ഒഴിവാക്കും. പകരം ആര്യാസ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് എച്ച്എംടി ജംഗ്ഷനിലെത്തണം.
മെഡിക്കൽ കോളജ്, എൻഎഡി റോഡ് എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ എച്ച്എംടി ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിയുന്നത് തടയും. ഈ വാഹനങ്ങൾ എച്ച്എംടി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ടിവിഎസ് ജംഗ്ഷനിൽ എത്തി തിരിഞ്ഞുപോകുന്ന രീതിയിൽ ആണ് പുതിയ ക്രമീകരണം. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നേരിട്ടെത്തി സ്ഥലപരിശോധന നടത്തിയും യോഗം ചേർന്നുമാണ് പരിഷ്കാരത്തിന് അന്തിമ രൂപം നൽകിയത്. പരീക്ഷണാടിസ്ഥാനത്തലാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്.