അതിരപ്പിള്ളിയിൽ ആണവനിലയം? സ്ഥലം തേടുന്നുവെന്ന വാർത്തകൾക്കു പിന്നാലെ പ്രതിഷേധം

അതീവ പരിസ്ഥിതി ദുർബല പ്രദേശമായ അതിരപ്പിള്ളിയിൽ ജലവൈദ്യുതി നിലയം സ്ഥാപിക്കാൻ നീക്കം നടന്നെങ്കിലും ജനകീയ പ്രതിഷേധത്തെ തുടർന്ന് സർക്കാർ പിൻവാങ്ങിയിരുന്നു
അതിരപ്പിള്ളിയിൽ ആണവനിലയം? സ്ഥലം തേടുന്നുവെന്ന വാർത്തകൾക്കു പിന്നാലെ പ്രതിഷേധം
Published on

തൃശൂർ അതിരപ്പിള്ളിയിൽ ആണവ നിലയം സ്ഥാപിക്കാൻ സർക്കാർ സ്ഥലം തേടുന്നുവെന്ന പ്രചാരണം ശക്തമായതോടെ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകളും പ്രവർത്തകരും രംഗത്ത്. ആണവ നിലയം സ്ഥാപിക്കാൻ തീരുമാനിച്ചാൽ സമര പരിപാടികളിലേക്ക് കടക്കാനാണ് തീരുമാനമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. അതീവ പരിസ്ഥിതി ദുർബല പ്രദേശമായ അതിരപ്പിള്ളിയിൽ ജലവൈദ്യുതി നിലയം സ്ഥാപിക്കാൻ നീക്കം നടന്നെങ്കിലും ജനകീയ പ്രതിഷേധത്തെ തുടർന്ന് സർക്കാർ പിൻവാങ്ങിയിരുന്നു.

വർധിച്ച് വരുന്ന വൈദ്യുതി ഉപഭോഗത്തിന് പരിഹാരമെന്നോണമാണ് ആണവ നിലയം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2023ൽ കേരളം കേന്ദ്രത്തിന് കത്ത് നൽകിയത്. തോറിയം അധിഷ്ഠിത നിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യത സംബന്ധിച്ച് അന്നത്തെ കേന്ദ്രമന്ത്രി ആർ.കെ. സിംഗുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ചർച്ച നടത്തുകയും ചെയ്തിരുന്നു. സർക്കാരും സിപിഎമ്മും ഇത് സംംബന്ധിച്ച വാർത്തകളെ തള്ളിയെങ്കിലും കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ ആണവ നിലയം വേണമെന്ന ആവശ്യം മുൻ നിർത്തി തുടർ നീക്കങ്ങളിലേക്ക് കടന്നു. ഇതോടെയാണ് തൃശൂർ അതിരപ്പിള്ളി, കാസർകോട് ചീമേനി, കണ്ണൂർ പെരിങ്ങോം തുടങ്ങിയ സ്ഥലങ്ങൾ പദ്ധതിക്കായി പരിഗണിക്കുന്നുവെന്ന പ്രചാരണം ശക്തമായത്. ഇതിന് പിന്നാലെ പ്രതിഷേധക്കാരും രംഗത്തെത്തി.

അതീവ പരിസ്ഥിതി ദുർബല പ്രദേശമായ അതിരപ്പിള്ളിയിൽ ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കങ്ങളെ ഏത് വിധേനയും എതിർക്കുമെന്നും ആവശ്യമെങ്കിൽ സമര പരിപാടികളിലേക്ക് കടക്കുമെന്നുമാണ് പരിസ്ഥി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജൂൺ 15ന് കെഎസ്ഇബിയും ന്യൂക്ലിയർ പവർ കോർപ്പറേഷനും തമ്മിൽ ആണവ നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. ഇതും മുൻ നിർത്തി പ്രതിഷേധ പരിപാടികളെ കുറിച്ച് ആലോചിക്കുകയാണ് വിവിധ സംഘടനകൾ.


2030-ഓടെ കേരളത്തിൽ ദൈനംദിന ആവശ്യങ്ങൾക്കായി 10,000 മെഗാവാട്ട് വൈദ്യുതി വേണ്ടിവരുമെന്ന് കെഎസ്ഇബി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. വൈദ്യുത പ്രതിസന്ധിക്ക് പരിഹാരമായി 220 മെഗാവാട്ടിൻ്റെ രണ്ട് പദ്ധതി ആരംഭിക്കാനുള്ള ശുപാർശയും കെഎസ്ഇബി ചെയർമാൻ മുന്നോട്ട് വെച്ചിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com