വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച രാജു
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച രാജു

കാട്ടാന ആക്രമണത്തിൽ മരണം: 'വന്യജീവി സംഘർഷം തടയുന്നതിൽ സർക്കാർ പരാജയം'; എ. കെ. ശശീന്ദ്രനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

കഴിഞ്ഞ ഞായറാഴ്ചയാണ് വയനാട് കല്ലൂരിൽ രാജുവിനെ കാട്ടാന അക്രമിക്കുന്നത്
Published on

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിൻ്റെ വീട് സന്ദർശിച്ച് വനമന്ത്രി എ. കെ. ശശീന്ദ്രൻ.  പ്രതിഷേധവുമായാണ് പ്രദേശവാസികൾ മന്ത്രിയെ സ്വീകരിച്ചത്.  വന്യജീവി ആക്രമണം തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് പ്രദേശവാസികൾ മന്ത്രിയോട് പറഞ്ഞു. പ്രതിപക്ഷനേതാവ് വി. ഡി സതീശനും രാജുവിൻ്റെ വീട്ടിലെത്തിയിരുന്നു. 

ഇന്ന് ഉച്ചയോടെയാണ് മന്ത്രി എ. കെ ശശീന്ദ്രൻ രാജുവിൻ്റെ വീട്ടിലെത്തിയത്. മൃതദേഹം കണ്ടു പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം. വന്യജീവി സംഘർഷത്തിന് പരിഹാരം കാണണമെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും പ്രദേശവാസികൾ മന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രശ്നക്കാരനായ കൊമ്പനെ പിടികൂടുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് എ. കെ ശശീന്ദ്രൻ വ്യക്തമാക്കി. കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് കിടപ്പിലായ രാജുവിൻ്റെ സഹോദര പുത്രൻ ബിജുവിനെയും കണ്ടാണ് മന്ത്രി മടങ്ങിയത്. പിന്നാലെ പ്രതിപക്ഷ നേതാവ് വി. ഡി സതീശനും വയനാട്ടിലെത്തി കുടുംബത്തെ കണ്ടു.

ഇന്ന് രാവിലെ രാജുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടുകാർ കല്ലൂരിൽ ദേശീയ പാത ഉപരോധിച്ചിരുന്നു. രാജുവിൻ്റെ കുടുംബവും നാട്ടുകാരും ഉയർത്തിയ വിവിധ ആവശ്യങ്ങൾ നിറവേറ്റാമെന്ന ഉറപ്പ് സർവക്ഷി യോഗത്തിൽ ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 11 ലക്ഷം രൂപയ്ക്ക് പുറമെ രാജുവിൻ്റെ മൂത്ത മകന് ജോലിയും ഇളയ മകന് വിഭ്യാഭ്യാസ ചെലവുകളും സർക്കാർ ലഭ്യമാക്കും. കൂടാതെ കുടുംബത്തിനു പുതിയ വീടും ഊരിലേക്ക് പുതിയ റോഡും നിർമ്മിക്കുമെന്നും സർക്കാർ വാഗ്ദാനം ചെയ്തു.

കഴിഞ്ഞ ദിവസമാണ് വയനാട് കല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ രാജു മരിക്കുന്നത്. ഞായാഴ്ച രാത്രി വയലില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജുവിനെ വീടിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. വയലില്‍ നിന്നും ആന രാജുവിന് നേരെ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

News Malayalam 24x7
newsmalayalam.com