
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യക്കെതിരെ പ്രതികരിക്കാതെ ആരോഗ്യ മന്ത്രി വീണ ജോർജ്. നവീൻ ബാബുവുമായി വ്യക്തിപരമായ ബന്ധമാണുള്ളത്. ഏത് കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന, കൈക്കൂലി വാങ്ങാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനാണ് നവീൻ. അദ്ദേഹത്തിന്റെ മരണത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തുമെന്നും വീണ ജോർജ് വ്യക്തമാക്കി.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തണമെന്നും, കൃത്യമായി പ്ലാൻ ചെയ്താണ് കാര്യങ്ങൾ ചെയ്തതെന്നും വി.ഡി. സതീശൻ ആരോപിച്ചിരുന്നു.
അഴിമതി ഇല്ലാതെ സത്യസന്ധമായി ജോലി ചെയ്ത ഉദ്യോഗസ്ഥനാണ് നവീൻ ബാബു. കോൺഗ്രസ് സംഘടനകൾ വരെ അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രമേ പറയുന്നുള്ളൂ. സിപിഎം സഹയാത്രികനാണ് അദ്ദേഹവും കുടുംബവും. കേരളം മുഴുവൻ ഞെട്ടൽ ഉണ്ടാക്കിയ സംഭവമാണ് നടന്നത്. കണ്ണൂരിൽ ആയതിൽ അത്ഭുതമില്ലെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
പി.പി. ദിവ്യയെ കൊലപാതകി എന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വിളിച്ചത്. ക്രൂരമായ പ്രവർത്തിയാണ് അവർ ചെയ്‌തത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചെയ്തതെന്നും കെ. സുധാകരൻ പറഞ്ഞു.