
2022ൽ ലണ്ടനിൽ കറുത്ത വർഗക്കാരനും 24 വയസുകാരനുമായ ക്രിസ് കാബയെ വെടിവെച്ചുകൊന്ന ലണ്ടൻ പോലീസ് ഉദ്യോഗസ്ഥനെ വെറുതെവിട്ടു. മെട്രോപൊളിറ്റൻ പൊലീസിലെ 40 കാരനായ മാർട്ടിൻ ബ്ലേക്കിനെയാണ് ലണ്ടൻ ജൂറി തിങ്കളാഴ്ച കുറ്റവിമുക്തനാക്കിയത്.
2022 സെപ്തംബർ 5 ന് തെക്കൻ ലണ്ടനിലെ സ്ട്രീതം ഹിൽ പരിസരത്തുള്ള ഒരു ഇടുങ്ങിയ തെരുവിൽ വെച്ചാണ് 24 കാരനായ കബയെ വെടിവെച്ചു കൊന്നത്. അതിനു മുമ്പ് നടന്ന ഒരു വെടിവയ്പ്പുമായി ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്ന ഒരു ഓഡി ഓടിക്കുന്നതിനിടെയായിരുന്നു സംഭവം. പൊലീസ് നിർബന്ധമായി കാർ നിർത്താൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനുള്ള ശ്രമത്തിൽ കബ പൊലീസ് കാറുകളെ ഇടിച്ചു മാറ്റി മുന്നോട്ട് പോകുമ്പോഴായിരുന്നു പൊലീസ് വെടിയുതിർത്തത്.
കാബയെ വെടിവച്ചുകൊല്ലാനുള്ള ബ്ലെയ്ക്കിൻ്റെ തീരുമാനം നീതീകരിക്കപ്പെടുന്നതോ ന്യായീകരിക്കാവുന്നതോ അല്ലെന്നും വിചാരണയുടെ സമയത്ത് പ്രോസിക്യൂട്ടർ ടോം ലിറ്റിൽ പറഞ്ഞിരുന്നു.
കാബയെ വെടിവെച്ചില്ലെങ്കിൽ തൻ്റെ സഹപ്രവർത്തകർക്ക് ഭീഷണി ഉണ്ടാകുമെന്ന് താൻ കരുതിയിരുന്നതായി ബ്ലെയ്ക്ക് പറഞ്ഞു.കാബയെ തടയുവാനാണ് ശ്രമിച്ചതെന്ന തെളിവുകളും ബ്ലെയ്ക് ഹാജരാക്കിയിരുന്നു.
സംഭവത്തെ തുടർന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ ബ്ലേക്കിനെ ഡ്യൂട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.വിധി വായിച്ചപ്പോൾ ഒരു ദീർഘനിശ്വാസമായിരുന്നു ബ്ലെയ്ക്കിൻ്റെ പ്രതികരണം. കോടതിമുറിയിലുണ്ടായിരുന്ന കബയുടെ കുടുംബം പ്രതികരണമൊന്നും നടത്തിയില്ല.