
ഫോർട്ട് കൊച്ചിയിലെ റോറോ സർവീസ് പ്രതിസന്ധിയിലായതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. രണ്ടു ദിവസമായി ഒരു റോറോ മാത്രമാണ് സർവീസ് നടത്തുന്നത്. കേടുവന്ന റോറോയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ മുംബൈയിൽ നിന്നുള്ള വിദഗ്ധരുടെ സഹായം ആവശ്യമാണ്. ഇതിനു കുറഞ്ഞത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. അതുവരെ ഒരു റോറോ സർവീസ് മാത്രമായിരിക്കും ഉണ്ടാവുക.
ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന റൂട്ടിൽ ഒരു റോറോ മാത്രം സർവീസ് നടത്തുന്നത് വലിയ പ്രയാസമാണെന്ന് നാട്ടുകാർ പറയുന്നു. ഫോർട്ട് കൊച്ചി വൈപ്പിൻ റൂട്ടിൽ രണ്ട് റോറോ സർവീസുകളാണ് ഉണ്ടായിരുന്നത്. പ്രൊപ്പല്ലറിലുണ്ടായ തകരാറിനെ തുടർന്നാണ് ഒരു റോറോ സർവീസ് നിർത്തി വെച്ചത്. ഒരേ സമയം രണ്ടു റോ-റോകൾ സർവ്വീസ് നടത്തണമെന്നാണ് കരാർ.
ശരാശരി ആറു മിനിറ്റ് ഇടവേളകൾ ഉണ്ടായിരുന്ന യാത്രയ്ക്ക് നിലവിൽ അരമണിക്കൂറിലേറെ സമയം എടുക്കുന്നുണ്ട്. ഇതേ റൂട്ടിൽ മുൻപുണ്ടായിരുന്ന ഫോർട്ട് ക്വീൻ യാത്രാ ബോട്ടും ഒരു വർഷമായി കട്ടപ്പുറത്താണ്. കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാതിരുന്നതിനെ തുടർന്നാണ് ബോട്ടിന്റെ സർവീസ് നിർത്തലാക്കിയത്. യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ കൊച്ചി നഗരസഭാധികൃതരും ജില്ലാ ഭരണകൂടവും നടപടിക്ക് തയ്യാറാകാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.