പ്രണയത്തിന് മുന്നിൽ എന്ത് യു​ദ്ധം! റഷ്യ-യുക്രെയ്ൻ സ്വദേശികളുടെ വിവാഹത്തിന് വേ​ദിയായി അമൃതപുരി

ആറു വർഷത്തെ പ്രണയത്തിന് ശേഷമാണ് അവർ ഒന്നിക്കുന്നത്
പ്രണയത്തിന് മുന്നിൽ എന്ത് യു​ദ്ധം! റഷ്യ-യുക്രെയ്ൻ സ്വദേശികളുടെ വിവാഹത്തിന് വേ​ദിയായി അമൃതപുരി
Published on


തമ്മിൽ ഏറ്റുമുട്ടുന്ന ഇരു രാജ്യങ്ങളിൽ നിന്നും കൊല്ലത്തെ അമൃതപുരിയിലേക്കെത്തിയ യുവ മിഥുനങ്ങൾ. യുക്രെയിൻ സ്വദേശി സാക്ഷയും റഷ്യൻ സ്വദേശി ഒള്യയുമാണ് അമൃതപുരിയിൽ വെച്ച് വിവാഹിതരായത്. ആറു വർഷത്തെ പ്രണയത്തിന് ശേഷമാണ് അവർ ഒന്നിക്കുന്നത്.

റഷ്യയിലെ മോസ്‌കോ സ്വദേശിയായ ഒള്യ ഇന്ന് സാവിത്രിയാണ്. യുക്രെയിൻ കീവ് സ്വദേശിയായ സാക്ഷ ശാശ്വതും. യൂറോപ്യൻ സന്ദർശന വേളയിലാണ് മാതാ അമൃതാനന്ദമയിയെ ഇരുവരും നേരിൽ കാണുന്നത്. പിന്നീട് പലപ്പോഴായി ഒള്യയും സാക്ഷയും കൊല്ലത്തെ ആശ്രമത്തിലേക്ക് എത്തി. സേവന പ്രവർത്തനങ്ങളിലും ആദ്യാത്മിക പഠനത്തിലും വ്യാപൃതരായി. ഇരുവരും തമ്മിലുള്ള പരിചയം പതിയെ പ്രണയത്തിലേക്ക് വഴിമാറി.

സ്വദേശത്തേയ്ക്ക് മടങ്ങുമ്പോഴും ഇരുവരും മനസുകൊണ്ട് ഒന്നായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും കൊറോണ കാലഘട്ടവുമൊക്കെ നേരിൽ കാണുന്നതിന് തടസമായെങ്കിലും അവർ ഏറെ അടുത്തു. ഒടുവിൽ റഷ്യൻ - യുക്രെയിൻ യുദ്ധം മൂർച്ഛിച്ചപ്പോഴാണ് 2023ൽ ഇരുവരും അമൃതപുരിയിലേക്ക് തിരിച്ചെത്തിയത്. അങ്ങനെ ഏറെ വർഷത്തെ പ്രണയത്തിനോടുവിൽ മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി. ഈ വിവാഹ മുഹൂർത്തം ഒരു വലിയ സന്ദേശമാണെന്നും, ലോകത്തുള്ള എല്ലാ സംഘർഷങ്ങളും അവസാനിക്കാൻ പ്രാർഥിക്കണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

അമൃതപുരിയിൽ വെച്ച് ഒന്നിക്കാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് സാക്ഷയും ഒള്യയുയും. നിലവിൽ അമൃത സർവ്വകലാശാലയിലെ അമ്മച്ചി ലാബിൽ ഗവേഷണ വിദ്യാർത്ഥിയാണ് ശാശ്വത്. യുദ്ധ മേഖലയിലുള്ളവർ അനുഭവിക്കുന്ന മാനസിക സംഘർഷം ലഘുകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കൗൺസിലിങ്ങിനും ശാശ്വത് നേതൃത്വം നൽകുന്നുണ്ട്. ആശ്രമ പ്രവർത്തനങ്ങളോടൊപ്പം മനഃശാസ്ത്ര പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് സാവിത്രി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com