
ബലാത്സംഗക്കേസുകളിൽ കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ഗൗരവമായ കുറ്റങ്ങളിൽ ഒത്ത് തീർപ്പാക്കിയെന്നു കാണിച്ചുള്ള കരാർ ഉണ്ടാക്കുന്നത് പ്രോസിക്യൂഷൻ നടപടികളെ ഇല്ലതാക്കാനുള്ള ശ്രമമാണ് എന്നും കോടതി നിരീക്ഷിച്ചു. അതിനാൽ ഇത്തരം കേസുകൾ റദ്ദാക്കാനാവില്ലന്ന് ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി.
പഞ്ചായത്ത് ജീവനക്കാരിയെ ഓഫിസിൽ ബലാത്സംഗം ചെയ്തതിന് ഇരിങ്ങാലക്കുട പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ അസി. സെക്രട്ടറി നൽകിയ ഹർജി തള്ളിയാണു കോടതി പരാമർശം. 2016 മാർച്ച് 13 ഞായറാഴ്ച തന്നെ അടിയന്തര ജോലിക്കെന്നു പറഞ്ഞു ഓഫിസിലേക്കു വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി.
ALSO READ: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അട്ടപ്പാടിയിൽ യുവാവ് അറസ്റ്റിൽ
എന്നാൽ ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇരുവരും കേസ് തീർപ്പാക്കണമെന്ന രീതിയിൽ ഉണ്ടാക്കിയ കരാറും കോടതിയിൽ ഹാജരാക്കി. എന്നാൽ കരാറിന്റെ പേരിൽ കേസ് റദ്ദാക്കുന്നതു പ്രോസിക്യൂഷൻ എതിർത്തു. പ്രതി കുറ്റം ചെയ്തെന്നു പ്രഥമദൃഷ്ട്യാ വസ്തുതകൾ തെളിയിക്കുന്നുണ്ടെന്നു പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്ന് പരാതിക്കാരി നൽകിയ പ്രഥമവിവര മൊഴി ഉൾപ്പെടെ കോടതി പരിശോധിച്ചു.
ഭയംമൂലം പരാതിക്കാരി ആദ്യം സംഭവം പുറത്തു പറഞ്ഞിരുന്നില്ല. വിവാഹം കഴിക്കാമെന്നു പ്രതി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമം തുടർന്നു. എന്നാൽ 2016 മാർച്ച് 13 ന് നടന്ന സംഭവം ഉഭയസമ്മത പ്രകാരമല്ലെന്നു വിലയിരുത്തിയ ഹൈക്കോടതി വിചാരണ ആവശ്യമാണെന്നു വ്യക്തമാക്കുകയായിരുന്നു.