

വരാനിരിക്കുന്ന ദുരന്തം മുൻകൂട്ടി കണ്ടപോലെ വെള്ളാർമല സ്കൂളിലെ വിദ്യാർഥിനി എഴുതിയ കഥ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുകയാണ്. വെള്ളാരം കല്ലുകൾ എന്ന ഡിജിറ്റൽ മാഗസിനിലെ കഥയിലാണ് ദുരന്തത്തെക്കുറിച്ച് യാദൃച്ഛികമായ പരാമർശമുള്ളത്.
"നിങ്ങൾ ഇവിടെ നിന്ന് വേഗം രക്ഷപ്പെട്ടോ കുട്ടികളെ. ഇവിടെ വലിയൊരു ആപത്തു വരാൻ പോകുന്നു. നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ വേഗം ഇവിടെ നിന്ന് ഓടി പൊയ്ക്കോളൂ. ഇതു പറഞ്ഞിട്ട് ആ കിളി അവിടെ നിന്ന് പറന്ന് പോയി. കിളി പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലെങ്കിലും അവിടെ നിന്ന് കുട്ടികൾ ഓടാൻ തുടങ്ങി".
വെള്ളാർമല ഹൈസ്കൂളിലെ വിദ്യാർഥിനി ലയ മോൾ കൈറ്റ്സ് മാസികയിൽ എഴുതിയ കഥയിലുള്ളതാണ് ഈ വാക്കുകൾ. യാദൃശ്ചികമായിരിക്കുമെങ്കിൽ കൂടിയും വരാനിരിക്കുന്ന ദുരന്തം മുൻകൂട്ടി കണ്ടപോലെയാണ് ആ എഴുത്ത്. ഇപ്പോൾ ലയയെ അന്വേഷിക്കുകയാണ് അങ്കലാപ്പോടെ കേരളം. പ്രിയപ്പെട്ടവരിൽ ചിലരെ നഷ്ടപ്പെട്ടുവെങ്കിലും മുണ്ടക്കൈയുടെ മണ്ണിൽ അവൾ സുരക്ഷിതയാണ്.
മുണ്ടക്കൈയെ ഉരുൾ വിഴുങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടു. വെള്ളാർമല സ്കൂൾ കെട്ടിടം തീർത്ത പ്രതിരോധത്തിലാണ് ചൂരൽമല ടൗണിലെ മറ്റു കെട്ടിടങ്ങളെങ്കിലും നിലം പൊത്താതെ നിന്നത്. ഒഴുകി വന്ന മരങ്ങളത്രയും സ്കൂള്‍കെട്ടിടത്തില്‍ തടഞ്ഞുനിന്നതാണ് ടൗണിന് രക്ഷയായത്.
താഴത്തെ നില മണ്ണും ചെളിയും കൊണ്ട് പുതഞ്ഞെങ്കിലും വൻമരങ്ങളെ തടഞ്ഞു നിർത്താൻ സ്കൂളിന് സാധിച്ചു. നിലം പതിച്ചിരുന്നെങ്കിൽ കെട്ടിടത്തിന് പിൻഭാഗത്തെ വീടുകളും മനുഷ്യരും കൂടി ദുരന്തത്തിൽപ്പെടുമായിരുന്നു. സ്കൂളിന് മുന്നിലെ പുന്നപ്പുഴയിലൂടെയാണ് കൂറ്റൻ പാറകളും മരങ്ങളും മണ്ണും കുത്തിയൊലിച്ച് ഒരു നാടിനെ വിഴുങ്ങിയത്.