ശീതയുദ്ധത്തിനു ശേഷം ആദ്യമായി യുഎസ് മാധ്യമപ്രവർത്തകനെ ചാരവൃത്തി കുറ്റത്തിന് ശിക്ഷിച്ച് റഷ്യ

സിഐഎക്കു വേണ്ടി സൈനിക രഹസ്യങ്ങള്‍ ഇവാന്‍ ചോര്‍ത്തിയെന്നാണ് റഷ്യയുടെ ആരോപണം
ഇവാന്‍ ഗെര്‍ഷ്‌കോവിച്ച്
ഇവാന്‍ ഗെര്‍ഷ്‌കോവിച്ച്
Published on

ചാരവൃത്തിക്കുറ്റത്തിന് യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിനെ റഷ്യന്‍ കോടതി 16 വർഷം തടവിന് ശിക്ഷിച്ചു. യെക്കാറ്റെറിന്‍ബര്‍ഗിലെ യുറല്‍സ് നഗരത്തിലെ റിപ്പോര്‍ട്ടിങ്ങിനിടെയാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ കറസ്‌പോണ്ടൻ്റായ ഇവാന്‍ അറസ്റ്റിലാകുന്നത്. റഷ്യയിലെ കുപ്രസിദ്ധമായ ലെഫൊര്‍തോവോ ജയിലിലാണ് ഇവാനെ തടവിൽ പാർപ്പിച്ചിരിക്കുന്നത്.

സിഐഎക്കു വേണ്ടി സൈനിക രഹസ്യങ്ങള്‍ ഇവാന്‍ ചോര്‍ത്തിയെന്നാണ് റഷ്യയുടെ ആരോപണം. എന്നാല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെൻ്റും വാള്‍സ്ട്രീറ്റ് ജേര്‍ണലും ഇത് നിഷേധിച്ചു. റഷ്യയുടെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറയുന്നതെങ്കിലും തെളിവുകള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

പടിഞ്ഞാറന്‍ ജയിലുകളില്‍ തടവില്‍ കഴിയുന്ന റഷ്യന്‍ ഇൻ്റലിജന്‍സ് ഉദ്യോഗസ്ഥരെ തിരികെ എത്തിക്കുന്നതിനായിരുന്നു ഇവാൻ്റെ അറസ്‌റ്റെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ജര്‍മന്‍ ജയിലില്‍ തടവിലുള്ള റഷ്യന്‍ പൗരന്‍ വാഡിം ക്രാസികോവിനു പകരമായി ഇവാനെ കൈമാറ്റം ചെയ്യുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ തിടുക്കത്തില്‍ വിചാരണ നടത്തി ഇവാനെ ശിക്ഷിച്ചതോടെ ആ സാധ്യതകള്‍ അടഞ്ഞു.

വിചാരണയിലുടനീളം ഇവാന്‍ കുറ്റസമ്മതം നടത്തിയിരുന്നില്ല. 18 വര്‍ഷം തടവാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com