
പി.വി. അൻവർ എംഎൽഎയുടെ പൊതുയോഗത്തിൽ പങ്കെടുത്തത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് ഒപ്പം നിൽക്കുന്നവരെന്ന് പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ . യോഗത്തിൽ ആള് കൂടുന്നതിൽ കാര്യമില്ല . മാധ്യമങ്ങൾ അൻവറിന് അമിത പ്രാധാന്യം നൽകുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.
ALSO READ: അൻവർ എന്ന വ്യക്തിയല്ല, ഉയർത്തിയ ആരോപണങ്ങളാണ് പ്രധാനം: രമേശ് ചെന്നിത്തല
"അൻവറിനെ ഇടത് മുന്നണിയിലേക്ക് എത്തിച്ചത് പാർട്ടി തീരുമാനം അനുസരിച്ചാണ്. അവിടെ വ്യക്തിപരമായ താൽപര്യമല്ല നടപ്പാക്കിയത്. അൻവർ വിരുദ്ധ ചേരിയിൽ എത്തി എന്നതുകൊണ്ട് കൂടുതൽ പേര് പാർട്ടിയിലേക്ക് വരാതിരിക്കില്ല. മലപ്പുറത്ത് അൻവർ വിളിച്ചു ചേർത്ത പൊതുയോഗത്തിൽ പോയത് കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്. "- വിജയരാഘവൻ പറഞ്ഞു.
ഇടതുപക്ഷ എംഎൽഎയിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളല്ല അൻവർ നടത്തുന്നതെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. ഭരണപക്ഷ എംഎൽഎ എന്ന നിലയിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ സർക്കാരിൻ്റെയും പാർട്ടിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അങ്ങനെ ഒരു കാര്യം ഉന്നയിച്ചാൽ സ്വഭാവികമായും പരിശോധിക്കും. തെറ്റിനെ സംരക്ഷിക്കുന്ന നിലപാട് ഇടതുപക്ഷത്തിനില്ലെന്നും അൻവറിൻ്റെ ആരോപണങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്താൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുകയാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.