
കനത്ത ചൂടിൽ വാഷിംഗ്ടണ്‍ ഡിസിയില്‍ സ്ഥാപിച്ചിരുന്ന അമേരിക്കന്‍ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിൻ്റെ മെഴുക് പ്രതിമ ഉരുകിയൊലിച്ചു. 3,000 പൗണ്ട് ഭാരവും ആറടി ഉയരവുമുള്ള പ്രതിമയുടെ തല ഭാഗം പൂർണമായി ഉരുകിയതായാണ് റിപ്പോർട്ട്. പിന്നാലെ കാലും നഷ്ടമായി. ഉരുകിയൊലിച്ച പ്രതിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പ്രചരിച്ചു തുടങ്ങിയത്.
കാലാവസ്ഥ വ്യതിയാനം മൂലം അമേരിക്കയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ താപനില 30 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. ചിലയിടങ്ങളിൾ ഉഷ്ണ തരംഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെഴുകുപ്രതിമ ഉരുകിയൊലിച്ചത്. അതേസമയം 60 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂട് താങ്ങാനാകുന്ന രീതിയിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ശില്‍പി സാന്‍ഡി വില്യംസ് നാലാമന്‍ പറയുന്നത്. അത്രയും ചൂട് താങ്ങാൻ കഴിയുന്ന പാരഫിന്‍ മെഴുക് ആണ് പ്രതിമ നിർമ്മാണത്തിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നിലവിൽ ഉരുകിയൊലിച്ച ഈ മെഴുകു പ്രതിമ നന്നാക്കാൻ കമ്മീഷൻ ചെയ്ത സംഘടനയ്ക്ക് ഉദ്ദേശമില്ല എന്നാണ് അമേരിക്കൻ ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനും പതിനാറാം പ്രസിഡന്റുമായിരുന്നു എബ്രഹാം ലിങ്കണ്‍. 1865 ഏപ്രില്‍ 14 നാണ് വാഷിങ്ടണ്‍ ഫോര്‍ഡ്സ് തിയേറ്ററില്‍ വെച്ച് എബ്രഹാം ലിങ്കണ്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് എബ്രഹാം ലിങ്കണ്‍.