
മൂവാറ്റുപുഴയിലെ സ്വകാര്യ ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നുറപ്പിച്ച് പോലീസ്. പുല്ലുവഴിയില്‍ പാണ്ടാംകോട്ടില്‍ ശബരി ബാല്‍നെയാണ് ഞായറാഴ്ച പുലർച്ചെ 12 ഓടെ കച്ചേരിത്താഴത്തെ ബാറിന് മുന്നില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതികളുടെ മൊഴി.
ശബരിബാലിൻ്റെ മരണം സ്വാഭവിക മരണമെന്നായിരുന്നു തുടകത്തിൽ പ്രതികൾ തന്നെ പ്രചരിപ്പിച്ചത്.എന്നാൽ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും, മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ചൽപ്പെട്ടി സ്വദേശി ദീപു വർഗ്ഗീസ്, തോട്ടഞ്ചേരി സ്വദേശികളായ ആഷിൻ ഷിബി ,ടോജി തോമസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിനു ശേഷം മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ഞായറാഴ്ച ബാറിന് മുന്നിൽ നിൽക്കുകയായിരുന്ന ശബരിയും, ബാറിൽ നിന്ന് ഇറങ്ങി വരികയായിരുന്ന യുവാക്കളും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് ബിയർ കുപ്പി ഉപയോഗിച്ച് യുവാക്കൾ ശബരിയുടെ തലയിൽ ശക്തമായി അടിച്ചിരുന്നു. പിന്നാലെ അബോധാവസ്ഥയിൽ കണ്ടെത്തിയ ശബരിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിയർ കുപ്പി കൊണ്ട് തലയിലേറ്റ ക്ഷതമാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.