
പരീക്ഷയിലെ തട്ടിപ്പും വഞ്ചനയും തടയാൻ നൂതന ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച്, പരീക്ഷാ സംവിധാനം പരിഷ്കരിക്കാൻ യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ(യുപിഎസ്‌സി). ആധാർ അടിസ്ഥാനമാക്കി വിരലടയാളം ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ ഉൾപ്പെടുത്തൽ, പരീക്ഷാ വേളയിൽ വഞ്ചനയും ആൾമാറാട്ടവും ഒഴിവാക്കുന്നതിനായി ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ (സിസിടിവി) മോണിറ്ററിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ (എഐ) ഉപയോഗം, ഇ-അഡ്മിറ്റ് കാർഡുകളുടെ ക്യുആർ കോഡ് സ്കാനിംഗ് പോലുള്ള സാങ്കേതിക പരിഹാരങ്ങളാണ് ഇതിലേക്കായി പരിഗണിക്കുന്നത്.
സാങ്കേതിക സേവനങ്ങൾ നൽകുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ആധാർ അടിസ്ഥാനമാക്കിയുള്ള ഫിംഗർപ്രിൻ്റ് ഒതൻ്റിക്കേഷൻ, കാൻഡിഡേറ്റ് ഫേഷ്യൽ റെക്കഗ്നിഷൻ, ഇ-അഡ്മിറ്റ് കാർഡുകളുടെ ക്യുആർ കോഡ് സ്കാനിംഗ്, തത്സമയ എഐ പവേർഡ് സിസിടിവി നിരീക്ഷണം എന്നിവയ്‌ക്കായുള്ള സ്പെസിഫിക്കേഷനുകൾ ടെൻഡറിൽ അടങ്ങിയിട്ടുണ്ട്.
12 തവണ സിവിൽ സർവീസ് പരീക്ഷയ്ക്ക് ഹാജരാകാൻ വ്യാജരേഖ ചമച്ച ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ ഉൾപ്പെട്ട അഴിമതി വിവാദമായി നിൽക്കുന്നതിനിടെയാണ് യുപിഎസ്‌സിയുടെ പുതിയ നീക്കം. യുപിഎസ്‌സി പൂജ ഖേദ്കറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത്, വിഷയത്തിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തുകയാണ്.