ന്യൂഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ, കൽക്കാജിയിൽ മുഖ്യമന്ത്രി അതിഷി: 70 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി

മന്ത്രിമാരായ സൗരഭ് ഭരദ്വാജും ഗോപാൽ റായിയും യഥാക്രമം ഗ്രേറ്റർ കൈലാഷ്, ബാബർപൂർ എന്നീ സീറ്റുകളിൽ നിന്നും ജനവിധി തേടും
ന്യൂഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ, കൽക്കാജിയിൽ മുഖ്യമന്ത്രി അതിഷി: 70 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി
Published on


ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാലാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. 38 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഡൽഹി മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ നിന്നും മത്സരിക്കും. മന്ത്രിമാരായ സൗരഭ് ഭരദ്വാജും ഗോപാൽ റായിയും യഥാക്രമം ഗ്രേറ്റർ കൈലാഷ്, ബാബർപൂർ എന്നീ സീറ്റുകളിൽ നിന്നും ജനവിധി തേടും. ഇതോടെ ആകെയുള്ള 70 സീറ്റുകളിലെയും സ്ഥാനാർഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു.

അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതോടെ പൂർണ്ണ ആത്മവിശ്വാസത്തിലാണ് പാർട്ടി. തികഞ്ഞ ആത്മവിശ്വാസത്തോടെയും തയ്യാറെടുപ്പുകളോടെയും ഈ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഡൽഹിൽ ബിജെപി അദൃശ്യമാണ്. അവർക്ക് ഡൽഹിയെക്കുറിച്ച് കാഴ്ചപ്പാടില്ല. കെജ്‌രിവാളിനെ നീക്കം ചെയ്യൂ എന്ന മുദ്രാവാക്യം മാത്രമേ ബിജെപിക്കുള്ളു എന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയുടെയും അവിടത്തെ ജനങ്ങളുടെയും വികസനത്തിനായി എഎപിക്ക് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട്. അത് നടപ്പാക്കാനുള്ള പദ്ധതിയും, വിദ്യാസമ്പന്നരായ നേതാക്കളും ആം ആദ്മി പാർട്ടിക്കുണ്ടെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. 10 വർഷം കൊണ്ട് എഎപി ഡൽഹിയിൽ വരുത്തിയ മാറ്റങ്ങളുടെ ലിസ്റ്റ് ഉണ്ട്. ഡൽഹി നിവാസികൾ വോട്ട് ചെയ്യുന്നത് വികസനം കൊണ്ട് വരുന്നവർക്ക് വേണ്ടിയാണ്. അല്ലാതെ ദുരുപയോഗം ചെയ്യുന്നവർക്കല്ലെന്നും കെജ്‌രിവാൾ പരിഹസിച്ചു.

അതേസമയം, നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. കോണ്‍ഗ്രസിനൊപ്പമോ, ഇന്ത്യ മുന്നണിയിലെ മറ്റേതെങ്കിലും പാര്‍ട്ടിക്കൊപ്പമോ സഖ്യത്തിനില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. 2025 ഫെബ്രുവരിയിലാകും ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com