ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: 20 സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കി ആംആദ്മി പാർട്ടി

ഇത്തവണ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കണ്‍വീനറുമായ കെജ്‌രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: 20 സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കി ആംആദ്മി പാർട്ടി
Published on


വരാനിരിക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ആംആദ്മി പാർട്ടി. 20 സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടികയാണ് ആംആദ്മി പുറത്തുവിട്ടത്. നിലവിൽ പട്‌പർഗഞ്ചിൽ നിന്നുള്ള എംഎൽഎയും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ജംഗ്‌പുരയിൽ നിന്ന് ഇക്കുറി ജനവിധി തേടുക. അടുത്തിടെ പാർട്ടിയിൽ ചേർന്ന സിവിൽ സർവീസ് അധ്യാപകൻ അവധ് ഓജ, സിസോദിയക്ക് പകരം പട്‌പർഗഞ്ചിൽ നിന്ന് മത്സരിക്കും.

ബിജെപി വിട്ട് എഎപിയിൽ ചേർന്ന ജിതേന്ദ്രസിങ് ശംണ്ഡി, സുരീന്ദർപാൽ സിങ് ബിട്ടു എന്നിവരും പട്ടികയിലുണ്ട്. എഎപിയുടെ സിറ്റിങ് എംഎൽഎയും സ്പീക്കറുമായ രാം നിവാസ് ഗോയലിന് പകരം ജിതേന്ദ്രസിങും, എഎപിയുടെ ചീഫ് വിപ്പായ ദിലീപ് പാണ്ഡെക്ക് പകരം ബിട്ടുവും മത്സരിക്കും. നവംബർ 21 ന് 11 സ്ഥാനാർഥികളുടെ ആദ്യഘട്ട പത്രിക ആംആദ്മി പ്രഖ്യാപിച്ചിരുന്നു. 70 അംഗ നിയമസഭയിൽ 39 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കൂടി പിന്നീട് പ്രഖ്യാപിക്കും.

2025 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ്. 2020 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, എഎപി 70 ൽ 62 സീറ്റു നേടിയാണ് ചരിത്രവിജയം നേടിയത്. ബിജെപിക്ക് 8 സീറ്റ് മാത്രമാണ് നേടിയത്. കോൺഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല. ഇത്തവണ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കണ്‍വീനറുമായ കെജ്‌രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബിലും ഹരിയാനയിലുമെല്ലാം എഎപി-കോണ്‍ഗ്രസ് സഖ്യമില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതേ നിലയിൽ ഡല്‍ഹിയിലും മത്സരിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടി ഉയർത്തിയാകും എഎപി തെരഞ്ഞെടുപ്പിനെ നേരിടുക. കെജ്‍രിവാളിന്റെ ജയില്‍വാസം അടക്കം പാർട്ടി പ്രചരണത്തിലുപയോഗിക്കും. ഇത് പാർട്ടിക്ക് അനുകൂല വികാരമുണ്ടാക്കുമെന്നാണ് എഎപിയുടെ വിലയിരുത്തൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com